ന്യൂഡല്‍ഹി: വിവാഹ ജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി. സ്ത്രീധനം എന്ന തിന്മ സമൂഹത്തില്‍ ആഴത്തില്‍ വേരിറങ്ങിയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സ്ത്രീധനം എന്ന തിന്മയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളിൽ ഇന്നത്തെ ഭാവിതലമുറയെ ബോധവാന്മാരാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

സ്ത്രീധന പീഡനവും മരണവുമായി ബന്ധപ്പെട്ട കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ ഹൈക്കോടതികളോട് നിര്‍ദേശിച്ചു. സ്ത്രീധന നിയമക്കേസുകളുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീധന നിരോധന ഉദ്യോഗസ്ഥരെ നിയമിക്കുക, പൊലീസിനും ജുഡീഷ്യൽ ഓഫീസർക്കും ഇത്തരം കേസുകളുടെ സാമൂഹികവും മാനസികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നതിന് പരിശീലനം നൽകണമെന്നും സുപ്രീംകോടതി മാര്‍ഗരേഖയിറക്കി.
ഈ തസ്തികയിലേക്ക് നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ്റെ കോൺടാക്റ്റ് വിവരങ്ങൾ (പേര്, ഔദ്യോഗിക ഫോൺ നമ്പർ, ഇമെയിൽ ഐഡി) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി പ്രചരിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജില്ലാ ഭരണകൂടവും ജില്ലാ നിയമ സേവന അതോറിറ്റികളും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളെയും സാമൂഹിക പ്രവർത്തകരെയും ഉൾപ്പെടുത്തി സ്ത്രീധനത്തിനെതിരെ വർക്ക്ഷോപ്പുകൾ/ബോധവൽക്കരണ പരിപാടികൾ എന്നിവ നടത്തണം. ഇത് വലിയ മാറ്റം ഉറപ്പാക്കുമെന്നും കോടതി നിർദ്ദേശിച്ചു.

സ്ത്രീധന പീഡനവും മരണവുമായി ബന്ധപ്പെട്ട കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ ഹൈക്കോടതികളോട് നിര്‍ദേശിച്ചുകൊണ്ട് സുപ്രീംകോടതി മാര്‍ഗരേഖയിറക്കി. ഉത്തര്‍പ്രദേശിലെ സ്ത്രീധനമരണക്കേസില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെയും അമ്മയെയും കുറ്റവിമുക്തരാക്കിക്കൊണ്ട് ജസ്റ്റിസ് സജഞയ് കരോള്‍ അധ്യക്ഷനായ ബെഞ്ചിൻ്റെതാണ് നടപടി.

