
“ന്യൂഡൽഹി: പാകിസ്ഥാന് വേണ്ടി വിവരങ്ങൾ ചോർത്തി നൽകിയതായുള്ള കേസിൽ ട്രാവൽ വ്ലോഗർ അറസ്റ്റിൽ. ഹരിയാനയിലെ ഹിസറിൽ താമസിക്കുന്ന ജ്യോതി മൽഹോത്രയാണ് അറസ്റ്റിലായത്. ഇന്ത്യ പാക് വെടിനിർത്തലിന് ശേഷം ചാരവൃത്തി നടത്തിയെന്ന കേസിൽ ഹരിയാനയിൽ നിന്നുള്ള മൂന്നാമത്തെ അറസ്റ്റാണിത്.

പാകിസ്ഥാൻ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ചോർത്തി നൽകിയതായി ജ്യോതി സമ്മതിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള വാർത്ത. ഒഫീഷ്യൽ സീക്രട്ട ആക്ടിലെ (1923) 3, 5 വകുപ്പുകൾ അനുസരിച്ചും ഭാരതീയ ന്യായ സംഹിത 152 അനുസരിച്ചുമാണ് ജ്യോതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അഞ്ച് ദിവസത്തെ റിമാൻഡിലാണ് വ്ലോഗറിപ്പോൾ. ‘ട്രാവൽ വിത്ത് ജോ’ എന്നാണ് ജ്യോതി മൽഹോത്രയുടെ യു ട്യൂബ് അക്കൗണ്ടിന്റെ പേര്.
ഹിസാർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ അനുസരിച്ച് 2023ൽ ജ്യോതി രണ്ട് തവണ പാകിസ്ഥാൻ സന്ദർശിച്ചതായാണ് വിവരം. അവിടെ വച്ച് ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി ജ്യോതി ബന്ധപ്പെട്ടതായും റിപ്പോർട്ടുണ്ട്.
