ന്യൂഡൽഹി: കഴിഞ്ഞ ഡിസംബറിൽ രാജ്യത്തുടനീളം ഇൻഡിഗോ വിമാന സർവീസുകൾ വൻതോതിൽ തടസ്സപ്പെട്ടതിനെത്തുടർന്ന് വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തി വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡി.ജി.സി.എ.

വിമാനക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ പ്രവർത്തനപരമായ വീഴ്ചകൾ മൂലം യാത്രക്കാർക്കുണ്ടായ കടുത്ത ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഈ നടപടിയെന്ന് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഡിജിസിഎ വ്യക്തമാക്കി.
പുതിയ ഫ്ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നിയമങ്ങൾ നടപ്പിലാക്കിയതിനെത്തുടർന്ന് പൈലറ്റുമാരുടെയും ക്രൂ അംഗങ്ങളുടെയും ക്ഷാമം ഉണ്ടായതാണ് ഇൻഡിഗോയെ പ്രതിസന്ധിയിലാക്കിയത്.

ഈ പുതിയ നിയമങ്ങൾക്കനുസരിച്ച് ക്രമീകരണങ്ങൾ നടത്തുന്നതിൽ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് വീഴ്ച പറ്റിയെന്ന് ഡിജിസിഎ കണ്ടെത്തി. ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ 60 ശതമാനത്തിലധികം പേരും ആശ്രയിക്കുന്ന കമ്പനിയാണ് ഇൻഡിഗോ.

