ഹൈദരാബാദ്: കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് മാദ്വി ഹിദ്മ (43) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രാജ്യത്ത് നക്സൽ നിരയിൽ അവശേഷിക്കുന്ന ഉന്നത നേതാക്കളിൽ ഒരാളാണ് മാദ്വി ഹിദ്മ. ഇന്നു രാവിലെ ആന്ധ്രാപ്രദേശിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് മാദ്വി ഹിദ്മയെ സുരക്ഷ സേന വധിച്ചത്.

സുരക്ഷാ സേനകള്‍ക്കും സാധാരണക്കാര്‍ക്കും നേരേ രാജ്യത്ത് 26 ഓളം മാരക ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്കിയ ആളാണ് മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗവും ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി നേതാവുമായിരുന്നു ഹിദ്മ എന്ന സന്തോഷ്. ഛത്തീസ്ഗഡിൽ നിന്ന് പലായനം ചെയ്യുന്നതിനിടെ രാവിലെ 6 മണിയോടെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ മരേഡുമില്ലി വനത്തിൽ വച്ചാണ് ഹിദ്മയെയും സംഘത്തെയും സുരക്ഷാ സേന വളഞ്ഞത്. ഇയാൾക്കൊപ്പം ഭാര്യയും മറ്റു നാലും പേരും ഉണ്ടായിരുന്നു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ആന്ധ്രാ, ഛത്തീസ്ഗഢ്, ഒഡീഷ അതിർത്തി പ്രദേശങ്ങളിൽ എസ്ഐബി/ഇന്റലിജൻസ് മാവോയിസ്റ്റ് നീക്കം റിപ്പോർട്ടു ചെയ്തിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് അനുസരിച്ച്, നക്സൽ വിരുദ്ധ ഗ്രേഹൗണ്ട്സും ലോക്കൽ പൊലീസും തിങ്കളാഴ്ച രാത്രി ആരംഭിച്ച കോമ്പിംഗ് ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. അതിർത്തിയിലെ വനങ്ങളിലൂടെയായിരുന്നു സംഘത്തിന്റെ സഞ്ചാരം എന്നാണ് വിവരം.

ആറു മാവോയിസ്റ്റുകളെ വധിച്ചതായി സ്ഥരീകരണമുണ്ടെന്ന് അല്ലൂരി സീതാരാമ രാജു ജില്ലാ പൊലീസ് സൂപ്രണ്ട് അമിത് ബർദാർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഓപ്പറേഷൻ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്നു മാവോയിസ്റ്റ് നേതാവാണ് കൊല്ലപ്പെട്ട മാദ്വി ഹിദ്മ.

