ന്യൂഡല്‍ഹി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന് ഇന്ത്യയില്‍. ന്യൂഡല്‍ഹി പാലം വ്യോമതാവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റിനെ സ്വീകരിച്ചു. മണിക്കൂറുകള്‍ മാത്രം നീളുന്ന ഹ്രസ്വ സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന് ന്യൂഡല്‍ഹിയില്‍ എത്തിയത്.

‘എന്റെ സഹോദരന്’ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ വിശേഷിപ്പിച്ചത്. വിമാനത്താവളത്തില്‍ എത്തി സ്വീകരിക്കുന്ന ഫോട്ടോയുള്‍പ്പെടെ മോദി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു. യുഎഇ പ്രസിഡന്റിന്റെ സന്ദര്‍ശനം ഇന്ത്യ-യുഎഇ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.
ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുന്നു എന്നും പ്രധാനമന്ത്രി പോസ്റ്റില്‍ അറിയിച്ചു. ആലിംഗനം ചെയ്തുകൊണ്ടായിരുന്നു മോദി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വാഗതം ചെയ്തത്. ഇരു നേതാക്കളും ഒരു കാറില്‍ ആണ് വിമാനത്താവളത്തില്‍ നിന്ന് കുടിക്കാഴ്ച നടക്കുന്ന വേദിയിലേക്ക് എത്തിയത്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഏറെ പ്രാധാന്യത്തോടെയാണ് യുഎഇ പ്രസിഡന്റിന്റെ സന്ദര്‍ശനം നോക്കിക്കാണുന്നത്. പ്രസിഡന്റായതിനുശേഷം മൂന്നാം തവണയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്.

ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം, ഷെയ്ഖ് ഹാമിദ് ബിന്‍ സായിദ് അല്‍ നഹ്യാന്, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സയ്യിദ് അല്‍ നഹ്യാന്, പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ സ്പെഷല്‍ അഫയേഴ്സിന്റെ ഡെപ്യൂട്ടി ചെയര്മാന് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്, യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന് അല്‍ നഹ്യാന്, നിരവധി മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന പ്രതിനിധി സംഘവും സന്ദര്‍ശനത്തില്‍ പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.
