ന്യൂഡൽഹി: രാജ്യത്തെ വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതിനായുള്ള സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) നടപടികളുടെ അവസാന ഘട്ടത്തിലേക്ക് കടക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഡൽഹി ഉൾപ്പെടെ 22 സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും തയ്യാറെടുപ്പുകൾ ഉടൻ പൂർത്തിയാക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു.

വോട്ടർപട്ടിക പുതുക്കുന്നതിനുള്ള ഈ ദൗത്യം ഏപ്രിൽ മാസത്തോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഘട്ടം കൂടി പൂർത്തിയാകുന്നതോടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷന്റെ പരിധിയിൽ വരും.
ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ചണ്ഡിഗഢ്, ദാദ്ര നഗർ ഹവേലി-ദാമൻ ദിയു, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, ലഡാക്ക്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ഡൽഹി, ഒഡീഷ, പഞ്ചാബ്, സിക്കിം, ത്രിപുര, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറൽ ഓഫീസർമാർക്കാണ് കമ്മീഷൻ ഇതുസംബന്ധിച്ച കത്ത് നൽകിയത്.

രാജ്യവ്യാപകമായി വോട്ടർപട്ടിക പുതുക്കാനുള്ള തീരുമാനം കഴിഞ്ഞ വർഷം ജൂണിലാണ് കമ്മീഷൻ എടുത്തത്. പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി ഉന്നയിച്ച ‘വോട്ട് മോഷണം ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്മീഷൻ ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയത്. ഇതിനകം 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ നടപടി പൂർത്തിയായിട്ടുണ്ട്. കൂടാതെ അസമിൽ ഫെബ്രുവരി 10-ഓടെ ‘സ്പെഷ്യൽ റിവിഷൻ’ പൂർത്തിയാക്കിയിരുന്നു.

നിലവിൽ 12 സംസ്ഥാനങ്ങളിലായി ഏകദേശം 60 കോടി വോട്ടർമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. ബിഹാറിൽ ഇതിനോടകം ഈ പ്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഇനി അവശേഷിക്കുന്ന 17 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഏകദേശം 40 കോടിയോളം വോട്ടർമാരെയാണ് അവസാന ഘട്ടത്തിൽ പുതുതായി പട്ടികയിൽ ഉൾപ്പെടുത്തുകയോ വിവരങ്ങൾ തിരുത്തുകയോ ചെയ്യേണ്ടത്. ചില സാങ്കേതിക കാരണങ്ങളാൽ ഒൻപത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും മുൻ നിശ്ചയിച്ച സമയക്രമങ്ങളിൽ നേരിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നിട്ടുണ്ട്.
