ന്യൂഡല്‍ഹി: നിര്‍ണായക ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകുന്ന ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് ബാധകമാണ്. അഞ്ചോ അതിലധികമോ വര്‍ഷം ശിക്ഷ ലഭിക്കുന്ന കേസുകളില്‍ പ്രതിയാകുന്ന മന്ത്രിമാര്‍ക്കാകും ഇത് ബാധകമാകുകയെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിമാര്‍ക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ബില്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന വിശദീകരണം. ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും.

പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാര്‍, ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാര്‍ എന്നിവരെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്യുകയോ തടങ്കലില്‍ വയ്ക്കുകയോ ചെയ്താല്‍ അവരെ നീക്കം ചെയ്യുന്നതിനുള്ളതാണ് ബില്‍. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 75, 164, 239AA എന്നിവയും 2019 ലെ ജമ്മു കശ്മീര്‍ പുനഃസംഘടന നിയമത്തിലെ സെക്ഷന്‍ 54 ഉം ഭേദഗതി ചെയ്യാന്‍ ബില്‍ ലക്ഷ്യമിടുന്നു. നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പ്രകാരം അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, അല്ലെങ്കില്‍ ഏതെങ്കിലും സഹമന്ത്രി എന്നിവരുള്‍പ്പെടെയുള്ള ഏതൊരു മന്ത്രിയെയും അറസ്റ്റ് ചെയ്ത് 30 ദിവസം തുടര്‍ച്ചയായി തടങ്കലില്‍ വച്ചാല്‍ അവരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാം.
അഴിമതി കേസില്‍ ഉള്‍പ്പെടെ അറസ്റ്റിലായി 30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ 31-ാം ദിവസം മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെടുമെന്നാണ് ബില്ലില്‍ പറയുന്നത്. 30 ദിവസം തുടര്‍ച്ചയായി കസ്റ്റഡിയില്‍ കഴിയേണ്ടിവരുന്ന മന്ത്രിമാരെ പുറത്താക്കാന്‍ മുഖ്യമന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യണം. തുടര്‍ന്ന് ഗവര്‍ണര്‍മാര്‍ മന്ത്രിമാരെ പുറത്താക്കണം. രാജിവെച്ചില്ലെങ്കിലും 31-ാം ദിവസം ഇവര്‍ മന്ത്രിമാരല്ലാതാകും. മൂന്ന് സുപ്രധാനബില്ലുകളാണ് സഭയിലെത്തുക. 130-ാം ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണപ്രദേശ ഭരണഭേദഗതി ബില്ലും ജമ്മു-കശ്മീര്‍ പുനഃസംഘടനാ ഭേദഗതി ബില്ലുമാണ് ഇതിനായി അവതരിപ്പിക്കുക.

എന്നാല്‍, ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി കഴിഞ്ഞാല്‍ വീണ്ടും ഈ സ്ഥാനത്ത് എത്താന്‍ മറ്റ് തടസ്സങ്ങള്‍ ഉള്ളതായി ഈ ബില്ലില്‍ പറയുന്നില്ല. നേതാക്കള്‍ ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ്. ഇത്തരക്കാര്‍ ജയിലില്‍ കിടന്നുകൊണ്ട് ഭരണം നടത്തുന്നത് ഉചിതമല്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ഗുരുതരമായ ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ നേരിട്ട് ഒരു മന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ ധാര്‍മികതയെ ദുര്‍ബലപ്പെടുത്തുമെന്നുമാണ് ബില്ലുമായി ബന്ധപ്പെട്ട് നല്കുന്ന വിശദീകരണം.

