ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തെരുവുനായ വിഷയത്തില്‍ സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് തിരുത്തി മൂന്നംഗ ബെഞ്ച്. ഡല്‍ഹിയിലെ മുഴുന്‍ തെരുവുനായകളെയും പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള വിധി കോടതി സ്റ്റേ ചെയ്തു. തെരുവുനായകള്‍ക്ക് പ്രതിരോധ കുത്തിവെപ്പും വന്ധ്യംകരണവും നടത്തി പിടികൂടിയ അതേ സ്ഥലത്ത് തിരികെ വിടണം. അക്രമകാരികളും പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നതുമായ നായകളെ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് രണ്ടംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിച്ചത്. തെരുവുനായകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഭക്ഷണം നല്‍കരുത്. അവയ്ക്ക് ഭക്ഷണം നല്കാന് പ്രത്യേകം സ്ഥലം ഒരുക്കണം. എബിസി നിയമങ്ങള്‍ അനുസരിച്ച് നായ്ക്കളെ കൊണ്ടുപോകുന്നതില്‍ നിന്ന് മുനിസിപ്പല്‍ അധികാരികളെ ഒരു വ്യക്തിയോ സംഘടനയോ തടയരുതെന്ന ഓഗസ്റ്റ് 11 ലെ ഉത്തരവിലെ നിര്‍ദ്ദേശം സുപ്രീം കോടതി ആവര്‍ത്തിച്ചു.
തെരുവുനായ വിഷയത്തില്‍ ദേശീയ തലത്തില്‍ നയം വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇത് ഡല്‍ഹിയിലെ മാത്രം വിഷയമല്ല. പല സംസ്ഥാനങ്ങളിലും തെരുവുനായ വിഷയത്തില്‍ കേസുകളുണ്ട്. അതുകൊണ്ടു തന്നെ ഇക്കാര്യം ദേശീയ തലത്തില്‍ പരിഗണിക്കേണ്ടതുണ്ട്. കേസില്‍ എല്ലാ സംസ്ഥാനങ്ങളെയും കക്ഷിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും നോട്ടീസ് അയക്കും. വിവിധ ഹൈക്കോടതികളില്‍ നിലനില്‍ക്കുന്ന സമാനമായ ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റുമെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

രാജ്യതലസ്ഥാന മേഖലയിലെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കമെന്നായിരുന്നു ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര് മഹാദേവന് എന്നിവരങ്ങടിയ ബെഞ്ച് ഓഗസ്റ്റ് 11 ന് ഉത്തരവിട്ടിരുന്നത്. കോടതി ഉത്തരവിനെതിരെ സമൂഹത്തിലെ വിവിധവിഭാഗങ്ങളില്‍ നിന്ന് പ്രതികൂല പ്രതികരണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിഷയം പുനഃപരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അറിയിച്ചത്. തുടർന്ന് വിഷയം പരിഗണിക്കാനായി മൂന്നംഗ ബെഞ്ച് രൂപീകരിക്കുകയായിരുന്നു.

ഡല്‍ഹിയില്‍ തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയുണ്ടാകുന്നത് സംബന്ധിച്ച പത്രവാര്‍ത്ത അടിസ്ഥാനമാക്കി ജൂലായ് 28-ന് സ്വമേധയാ എടുത്ത കേസിലായിരുന്നു, തെരുവുനായകളെ എത്രയും വേഗം പിടികൂടി ഷെൽട്ടറുകളിൽ അടയ്ക്കാൻ ജസ്റ്റിസ് പർദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധിച്ചത്. ഇതിനായി എത്രയുംവേഗം നടപടികളാരംഭിക്കണമെന്ന് ഡല്‍ഹിയിലെയും സമീപമേഖലകളായ നോയിഡ, ഗാസിയാബാദ് (യുപി), ഗുരുഗ്രാം (ഹരിയാണ) എന്നിവിടങ്ങളിലെയും അധികൃതരോട് കോടതി ആവശ്യപ്പെട്ടു. ആരെങ്കിലും തടസ്സംനിന്നാല്‍ കര്‍ശനനടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കിയിരുന്നു.
