ഡൽഹി: രാജ്യത്തെ നിലവിലുള്ള തൊഴിൽ നിയമങ്ങൾക്ക് പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന നാലു പുതിയ ലേബർ കോഡുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ. 2020-ൽ പാർലമെന്റ് പാസാക്കിയ തൊഴിൽ ചട്ടങ്ങൾ രാജ്യത്തെ തൊഴിലാളികൾക്കും വ്യവസായ മേഖലയ്ക്കും ഒരുപോലെ പ്രയോജനകരമാകുന്ന പരിഷ്കാരങ്ങളാണ് ലക്ഷ്യമിടുന്നത്. പഴയ തൊഴിൽ നിയമങ്ങളെ ഏകീകരിച്ചാണ് പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നത്.

‘പുതിയ തൊഴിൽ കോഡുകൾ സാർവത്രിക സാമൂഹിക സുരക്ഷയ്ക്ക് ശക്തമായ അടിത്തറയായി വർത്തിക്കും. ഇത് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന, ഭാവിക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ നിർമ്മിക്കും,’ പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതായി, കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ എക്സിലൂടെ അറിയിച്ചു. വേതനം സംബന്ധിച്ച കോഡ്, വ്യാവസായിക ബന്ധം സംബന്ധിച്ച കോഡ്, സാമൂഹിക സുരക്ഷ സംബന്ധിച്ച കോഡ്, തൊഴിൽപരമായ ആരോഗ്യം, സുരക്ഷ, ജോലി സാഹചര്യങ്ങൾ എന്നിവ സംബന്ധിച്ച കോഡ് എന്നിവയാണ് പ്രാബല്യത്തിൽ വന്നത്.

‘രാജ്യത്തെ എല്ലാ തൊഴിലാളികൾക്കും സമയബന്ധിതമായ മിനിമം വേതനം, യുവാക്കൾക്ക് നിയമനം, സ്ത്രീകൾക്ക് തുല്യ വേതനവും ബഹുമാനവും, ഒരു വർഷത്തെ ജോലിക്ക് ശേഷം നിശ്ചിതകാല ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി, 40 വയസ്സിന് മുകളിലുള്ള തൊഴിലാളികൾക്ക് സൗജന്യ വാർഷിക ആരോഗ്യ പരിശോധന, ഓവർടൈമിന് ഇരട്ടി വേതനം, അപകടകരമായ മേഖലകളിലെ തൊഴിലാളികൾക്ക് 100 ശതമാനം ആരോഗ്യ സുരക്ഷ, അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി തൊഴിലാളികൾക്ക് സാമൂഹിക നീതി എന്നിവ ഉറപ്പാക്കുമെന്ന്,’ മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

പരിഷ്കാരങ്ങൾ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും വികസിത ഭാരതത്തിലേക്കുള്ള രാജ്യത്തിന്റെ യാത്രയെ ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് തൊഴിൽ കോഡുകൾ നടപ്പിലാക്കിയതിനെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും സമഗ്രവും പുരോഗമനപരവുമായ തൊഴിൽ സൗഹൃദ പരിഷ്കാരങ്ങളിലൊന്നാണിതെന്നും ബിസിനസ്സ് എളുപ്പമാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
