ന്യൂഡൽഹി: ജെഎൻയുവിൽ വൈസ് ചാൻസലറുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിന് നേരെ കല്ലേറ്. പ്രതിഷേധ സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് നേരെ പുലർച്ച 3 മണി മുതലാണ് കല്ലേറുണ്ടായത്. സമരത്തിൽ പങ്കെടുത്ത നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.

കല്ലെറിഞ്ഞത് എബിവിപി പ്രവർത്തകരാണെന്നും പൊലീസ് കല്ലേറ് തടഞ്ഞില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു. വൈസ് ചാൻസലറുടെ ദലിത് വിരുദ്ധ പ്രസ്താവനയ്ക്ക് എതിരെയാണ് ക്യാമ്പസിൽ വൻ പ്രതിഷേധം നടന്ന് കൊണ്ടിരിക്കുന്നത്. യുജിസി ചട്ടങ്ങളുമായി ബന്ധപ്പെട്ട പോഡ്കാസ്റ്റിനിടെ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ശാന്തിശ്രീ ധൂലിപുരി പണ്ഡിറ്റ് നടത്തിയ വിവാദ പ്രസ്താവനയാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത്. ഫെബ്രുവരി 16ന് പുറത്തിറങ്ങിയ പോഡ്കാസ്റ്റിൽ ജെഎൻയു വിസി നടത്തിയ പ്രസ്താവനകൾ ജാതി അധിക്ഷേപം നിറഞ്ഞതും ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധവുമാണെന്ന് ജെഎൻയു വിദ്യാർഥി യൂണിയൻ ആരോപിച്ചു.
ജെഎൻയു പോലുള്ള ഒരു പുരോഗമന കാമ്പസിൻ്റെ അന്തസിനും ആത്മാഭിമാനത്തിനും നേരെയുള്ള ആക്രമണമാണ് ഇത്തരം വാക്കുകളെന്ന് വിദ്യാർഥികൾ പറഞ്ഞു. വൈസ് ചാൻസലർ പരസ്യമായി ക്ഷമാപണം നടത്തിയില്ലെങ്കിൽ പ്രതിഷേധങ്ങൾ ശക്തമാക്കുമെന്നാണ് വിദ്യാർഥി യൂണിയൻ്റെ നിലപാട്.

യൂണിയൻ അംഗങ്ങളെ ഭീഷണിപ്പെടുത്താന് സുരക്ഷാ ജീവനക്കാരെ നിരന്തരം അയയ്ക്കുന്നുണ്ടെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. വൈസ് ചാൻസലറുടെ രാജി ആവശ്യത്തെ പിന്തുണയ്ക്കണമെന്ന് രാജ്യത്തെ വിദ്യാർഥി യൂണിയനുകളോടും സർവകലാശാലകളോടും ജെഎൻയു വിദ്യാർഥി യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് ദിവസമായി വിദ്യാർഥി യൂണിയൻ ജെഎൻയു വൈസ് ചാൻസലറുടെ രാജി ആവശ്യപ്പെട്ട് ക്യാമ്പസിൽ പ്രതിഷേധം നടത്തി വരികയാണ്. ഫെബ്രുവരി 16 പുറത്തിറക്കിയ “ഒരു പോഡ്കാസ്റ്റിൽ യുജിസിയുടെ ഇക്വിറ്റി നിയന്ത്രണങ്ങളെ അനാവശ്യവും യുക്തിരഹിതവുമാണെന്ന് വൈസ് ചാൻസലർ വിശേഷിപ്പിച്ചൂവെന്നും അതിലൂടെ ദലിത് സമൂഹത്തെ ആക്ഷേപിച്ചെന്നും വിദ്യാർഥി യൂണിയൻ പറയുന്നു. മാത്രമല്ല ഈ പ്രസ്താവനകൾ വികാരരഹിതമാണെന്നും സാമൂഹിക നീതിയുടെയും സമത്വത്തിൻ്റെയും മൂല്യങ്ങൾക്കെതിരെയുള്ള ആക്രമണമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വൈസ് ചാൻസലറുടെ വാക്കുകൾ സർവകലാശാല ക്യാമ്പസിലെ സാമൂഹിക നീതിയുടെയും സമത്വത്തിൻ്റെയും ആശയത്തെ വ്രണപ്പെടുത്തിയെന്ന് ജെഎൻയുഎസ്യു പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. “ഇതാണോ ലോകവീക്ഷണം? സർവകലാശാല പോലുള്ള ഒരു പൊതു സ്ഥാപനത്തിൽ, സമത്വം, സാമൂഹിക നീതി, ഉൾകൊള്ളൽ എന്നിവയുടെ ഭരണഘടനാ മൂല്യങ്ങളോടുള്ള ബഹുമാനം പരമപ്രധാനമായിരിക്കണമെന്ന്” വിദ്യാർഥി നേതാക്കൾ പറഞ്ഞു.
