ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25-ന് ഇസ്രായേൽ സന്ദർശിക്കും. സന്ദർശന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, തന്റെ ‘പ്രിയ സുഹൃത്തിന്റെ’ ഈ വരവിനെ അതീവ പ്രാധാന്യമുള്ള ഒരു ചരിത്ര മുഹൂർത്തമെന്നാണ് വിശേഷിപ്പിച്ചത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തിയിരിക്കുകയാണെന്ന് നെതന്യാഹു എക്സിൽ കുറിച്ചു. ബുധനാഴ്ച ഇസ്രായേലിലെത്തുന്ന മോദി, ഇസ്രായേൽ പാർലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്യുമെന്നും സൂചനയുണ്ട്.
സന്ദർശന വേളയിൽ പ്രതിരോധം, സുരക്ഷ, സാങ്കേതിക വിദ്യ, നൂതനാശയങ്ങൾ എന്നീ മേഖലകളിൽ നിർണായകമായ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മേഖലയിലെ സമാധാനം, സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിഷയങ്ങൾ ഇരു നേതാക്കളും തമ്മിലുള്ള ചർച്ചയിൽ ഇടംപിടിക്കും. ഇന്ത്യാ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ സംബന്ധിച്ച കാര്യങ്ങളും ചർച്ചയാകും.

“വിശ്വാസം, നവീനത, സമാധാനത്തോടുള്ള പ്രതിബദ്ധത എന്നിവയിൽ അധിഷ്ഠിതമായ ഇന്ത്യ-ഇസ്രായേൽ സൗഹൃദത്തെ ഇന്ത്യ ഏറെ വിലമതിക്കുന്നു,” എന്ന് നെതന്യാഹുവിന് മറുപടിയായി പ്രധാനമന്ത്രി മോദിയും പ്രതികരിച്ചു. 2017-ലാണ് മോദി ഇതിനു മുൻപ് ഇസ്രായേൽ സന്ദർശിച്ചത്. ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ ചരിത്രപരമായ ആദ്യ സന്ദർശനമായിരുന്നു അത്. നിലവിലെ സന്ദർശനം പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്.

രണ്ടു ദിവസം നീളുന്ന സന്ദർശനത്തിനിടയിൽ ജെറുസലേമിലെ യാദ് വാഷെംസ്മാരകം സന്ദർശിക്കുന്നതടക്കം നിരവധി ഔദ്യോഗിക പരിപാടികളിൽ പ്രധാനമന്ത്രി പങ്കുചേരും.
