ന്യൂഡൽഹി: നിർമ്മിത ബുദ്ധി എന്താണെന്ന് സാധാരണക്കാർക്കും വളരെ എളുപ്പത്തിൽ മനസിലാക്കാനായി കേന്ദ്ര സർക്കാർ ഒരു സൗജന്യ പഠനപദ്ധതി ആരംഭിച്ചു. ‘യുവ എ ഐ ഫോർ ഓൾ ’ എന്നാണ് പദ്ധതിയുടെ പേര്. 4.5 മണിക്കൂർ ദൈർഘ്യമുള്ള ഈ കോഴ്സിലൂടെ എ ഐയുടെ പ്രാഥമിക പാഠങ്ങൾ ആളുകൾക്ക് മനസിലാക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നു.

ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഈ കോഴ്സ് സ്വയംപഠന (self-paced) രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. എ ഐ ടെക്നോളജിയെ രാജ്യത്തെ എല്ലാവർക്കും പരിചയപ്പെടുത്തുകയും ഡിജിറ്റൽ സ്കിൽ നേടിയ ഒരു പുതിയ തലമുറയെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
തൊഴിൽ മേഖലകളിലും വിദ്യാഭ്യാസ രംഗത്തും വൻ മാറ്റങ്ങളാണ് എ ഐ ഉപയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാർ ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ആറ് ലഘു മോഡ്യൂളുകൾ ആയിട്ടാണ് പഠനഭാഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾ, ജോലി ചെയ്യുന്നവർ, തൊഴിൽ അന്വേഷിക്കുന്നവർ, അധ്യാപകർ, വീട്ടമ്മമാർ എന്നിവർക്കെല്ലാം ഈ കോഴ്സ് പ്രയോജനപ്പെടുത്താം.

ഫ്യൂച്ചർ സ്കിൽസ് പ്രൈം (FutureSkills Prime) ഐ ജി ഓ ടി കർമയോഗി (iGOT Karmayogi) ഉള്പ്പെടെ നിരവധി ദേശീയ പ്ലാറ്റ്ഫോമുകളിലൂടെയാണ് കോഴ്സ് ലഭ്യമാകുന്നത്. പഠനം പൂർത്തിയാക്കുന്നവർക്ക് ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക സർട്ടിഫിക്കറ്റും ലഭിക്കും.

ഇന്ത്യ എ ഐ മിഷന്റെ ഭാഗമാണ് ഈ പദ്ധതി. ഒരു കോടി പൗരന്മാർക്ക് അടിസ്ഥാന എ ഐ അറിവ് നൽകുക, എ ഐ ഉപയോഗ സംസ്കാരം രൂപപ്പെടുത്തുകയും ചെയ്യാനും ഈ പദ്ധതിയിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. ടെക്നോളജി എല്ലാവർക്കും ലഭ്യമാകുന്ന, ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള വലിയ ചുവടുവെപ്പായാണ് പദ്ധതി വിലയിരുത്തപ്പെടുന്നത്.
