ഹൈദരാബാദ്: തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു നിർമാണത്തിന് ഉപയോഗിക്കുന്ന നെയ്യുടെയും മറ്റു ചേരുവകളുടെയും പരിശുദ്ധി ഉറപ്പാക്കാൻ അത്യാധുനിക ലാബ് സജ്ജമാകുന്നു. പ്രസാദത്തിൽ മൃഗക്കൊഴുപ്പ് കലർന്ന നെയ്യ് ഉപയോഗിച്ചെന്ന വിവാദങ്ങൾക്ക് പിന്നാലെയാണ് ആന്ധ്രാപ്രദേശ് സർക്കാരിന്റെ നീക്കം. അടുത്ത മാസത്തോടെ ലാബ് പ്രവർത്തനസജ്ജമാകുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വൈ. സത്യകുമാർ യാദവ് അറിയിച്ചു.

നെയ്യുടെ ഗുണനിലവാരം, രുചി, ഗന്ധം എന്നിവയിലെ ചെറിയ മാറ്റങ്ങൾ പോലും തിരിച്ചറിയാൻ ശേഷിയുള്ള ‘ഇലക്ട്രോണിക് ടങ്ങ്’, ‘ഇലക്ട്രോണിക് നോസ്’ എന്നീ ഉപകരണങ്ങൾ ഫ്രാൻസിൽ നിന്ന് ഇറക്കുമതി ചെയ്യും. ഏകദേശം 3.5 കോടി രൂപയാണ് ഇതിനായി ചെലവ് വരുന്നത്. ലാബിന്റെ നിർമ്മാണത്തിനായി മൊത്തം 25 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 2024 ഒക്ടോബറിൽ ആന്ധ്രാപ്രദേശ് സർക്കാരും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയും (എഫ്എസ്എസ്എഐ) ഒപ്പുവച്ച കരാറിന്റ അടസ്ഥാനത്തിലാണ് ലാബ് വരുന്നത്.
നെയ്യ് കൂടാതെ കശുവണ്ടി, ഏലക്ക, പഞ്ചസാര, ഉണക്കമുന്തിരി തുടങ്ങിയ അറുപതോളം ചേരുവകൾ ഇവിടെ കർശന പരിശോധനയ്ക്ക് വിധേയമാക്കും. കീടനാശിനികളുടെ സാന്നിധ്യം, ലോഹ അംശങ്ങൾ, ബാക്ടീരിയൽ അണുബാധ എന്നിവ കണ്ടെത്താനുള്ള സംവിധാനങ്ങളും ലാബിലുണ്ടാകും.

തിരുമലയിലെ പഴയ ഫ്ലവർ മില്ലിന്റെ 12,000 ചതുരശ്ര അടി സ്ഥലത്താണ് ലാബ് ഒരുങ്ങുന്നത്. നിർമാണ പ്രവർത്തനങ്ങളുടെ 90 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. ടിടിഡിയിലെയും സംസ്ഥാന ആരോഗ്യ വകുപ്പിലെയും 40 പേരടങ്ങുന്ന വിദഗ്ധ സംഘമായിരിക്കും ലാബിന്റെ മേൽനോട്ടം വഹിക്കുക. ലഡുവിന്റെയും മറ്റ് പ്രസാദങ്ങളുടെയും പരിശുദ്ധിയിൽ ഭക്തർക്കുള്ള ആശങ്ക പരിഹരിക്കാനാണ് സർക്കാർ നൂതന സംവിധാനം ഏർപ്പെടുത്തുന്നത്.

