എഐ ഉച്ചകോടിയിലെ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയഭാനു ചിബ് അറസ്റ്റിൽ. ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെ ഉള്ള കുറ്റകൃതങ്ങൾ ആണ് ചുമത്തിയിരിക്കുന്നത്. ഉദയഭാനു ചിബിനെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. ഉദയഭാനു ചിബിനെ 20 മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തിരുന്നു.

ഭാരത് മണ്ഡപത്തിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയിലെ പ്രദർശന ഹാളിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നാടകീയ പ്രതിഷേധം നടത്തിയത്. സർക്കാർ വിരുദ്ധവും ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയുമുള്ള മുദ്രാവാക്യങ്ങൾ എഴുതിയ ടീ-ഷർട്ടുകൾ കയ്യിലേന്തിയായിരുന്നു പ്രതിഷേധം.
പ്രതിഷേധക്കാർ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയാണ് ഉച്ചകോടിയുടെ ഉള്ളിൽ പ്രവേശിക്കാനുള്ള അനുമതി നേടിയത്.

ആദ്യം കറുത്ത കുടകളിൽ പ്രിന്റ് ചെയ്ത സ്റ്റിക്കറുകൾ ഒട്ടിച്ച് ഭാരത് മണ്ഡപത്തിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, കറുത്ത കുടകൾ ഗേറ്റുകൾക്ക് സമീപമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പടുമെന്ന് മനസ്സിലാക്കി പദ്ധതി മാറ്റി. തുടർന്ന് പ്രിന്റ് ചെയ്ത സ്റ്റിക്കറുകൾ ടീ-ഷർട്ടുകളിൽ പതിപ്പിച്ച് ഷർട്ടുകൾക്ക് താഴെ ധരിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചതായും പരാതിയുണ്ട്.

