ഭോപ്പാല്‍: മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബെഞ്ചിന് സമീപം ബി ആര് അംബേദ്ക്കറിന്റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ ചീഫ് ജസ്റ്റിന് കത്തയച്ച് കോണ്‍ഗ്രസ്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന അധ്യക്ഷന്‍ ജിതു പട്വാരി ചീഫ് ജസ്റ്റിസ് ബി ആര് ഗവായ്ക്ക് കത്തയച്ചിരിക്കുന്നത്.

കോടതിയുടെ അനുമതിയോടെയും സമ്മതത്തോടെയുമാണ് അംബേദ്ക്കറിന്റെ പ്രതിമ സ്ഥാപിക്കാനുള്ള നിര്‍ദേശം ലഭിച്ചത്. അംബേദ്ക്കറിന്റെ പരിശ്രമങ്ങളും ഭരണഘടനയ്ക്ക് അദ്ദേഹം നല്കിയ സംഭാവനയും കണക്കിലെടുത്താണ് പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചത്’, അദ്ദേഹം കത്തില്‍ പറയുന്നു.
നിയമപരമായി അനുമതി ലഭിച്ചിട്ടും ചിലയാളുകള്‍ ഇതിനെ എതിര്‍ക്കുകയും പ്രതിമ സ്ഥാപിക്കുന്നതില്‍ തടസം സൃഷ്ടിക്കുകയും ചെയ്യുന്നതായി അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു. എതിര്‍ക്കുന്നവര്‍ അംബേദ്ക്കറിന്റെ പ്രതിമയെ എതിര്‍ക്കുക മാത്രമല്ല ചെയ്യുന്നതെന്നും രാജ്യത്തെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുകയുമാണെന്നും അദ്ദേഹം പറയുന്നു.

ഒരു കൂട്ടം അഭിഭാഷകരാണ് പ്രതിമ സ്ഥാപിക്കുന്നതിന് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പ്രതിമ സ്ഥാപിക്കാന്‍ നിശ്ചയിച്ച സ്ഥലത്ത് അഭിഭാഷകര്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു. എതിര്‍പ്പിന് പിന്നാലെയും മധ്യപ്രദേശ് ഹൈക്കോടതി രജിസ്ട്രാര്‍ യുവാല്‍ രഘുവാന്‍ഷി പ്രതിമ സ്ഥാപിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഏപ്രില്‍ 21ന് അദ്ദേഹത്തിന്റേതായി പുറത്ത് വന്ന കത്തില്‍ അംബേദ്ക്കറിന്റെ പ്രതിമ സുപ്രീം കോടതിയില്‍ സ്ഥാപിച്ചത് കൊണ്ടുതന്നെ കുറച്ച് അഭിഭാഷകര്‍ എതിര്‍ത്താലും അതിനെ തള്ളുകയും പ്രതിമയുടെ പണി പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും പറയുന്നു.

