ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യൻ ദേവാലയം സന്ദർശിക്കും.ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയാണ് പ്രധാന മന്ത്രി സന്ദർശിക്കുക. രാവിലെ 8.30 നാണ് പ്രധാന മന്ത്രി സന്ദർശനം നടത്തുക.

ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമ്പോൾ ക്രൈസ്തവ വിഭാഗങ്ങൾക്കെതിരായ ആക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധയിൽപ്പെടുത്തിയേക്കുമെന്നാണ് സൂചന. സമീപ ദിവസങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ
സിബിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രിസ്മസ് ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിൽ ക്രിസ്ത്യൻ വിഭാഗത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. മതപരിവർത്തനം ആരോപിച്ച് ബിജെപി വനിതാ നേതാവിന്റെ നേതൃത്വത്തിൽ കാഴ്ച പരിമിതിയുള്ള യുവതിയെയടക്കം കയ്യേറ്റം ചെയ്തു.

സമാധാനപരമായി ക്രിസ്മസ് ആഘോഷിക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ നടപടി എടുക്കണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ഭരണഘടനാ അവകാശങ്ങളെ ഗുരുതരമായി ദുർബലപ്പെടുത്തുന്നുവെന്നും, അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയ്യാറാകണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.

