ന്യൂഡല്‍ഹി: പ്രിയങ്കാഗാന്ധിയെ പ്രധാനമന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാധ്ര. ‘രാഷ്ട്രീയത്തില്‍ പ്രിയങ്കയ്ക്ക് ശോഭനമായ ഒരു ഭാവിയുണ്ട്. ഈ രാജ്യത്ത് ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അവര്‍ക്ക് കഴിയും. പ്രധാനമന്ത്രിയാകുക എന്നത് കാലത്തിന്റെ കാര്യമാണ്. കാലക്രമേണ അത് സംഭവിക്കും, അത് അനിവാര്യമാണ്.’ റോബര്‍ട്ട് വാധ്ര അഭിപ്രായപ്പെട്ടു.

‘മുത്തശ്ശി ഇന്ദിരാഗാന്ധി, അച്ഛന് രാജീവ് ഗാന്ധി, അമ്മ സോണിയ, സഹോദരന് രാഹുല്‍ ഗാന്ധി എന്നിവരില്‍ നിന്നും പ്രിയങ്കാഗാന്ധി ധാരാളം കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. ആളുകള്‍ അവരെ ആരാധിക്കുന്നു. പ്രിയങ്ക ഹൃദയത്തില്‍ നിന്നാണ് സംസാരിക്കുന്നത്. ആളുകള്‍ കേള്‍ക്കേണ്ട വിഷയങ്ങളെക്കുറിച്ചാണ് പ്രിയങ്ക സംസാരിക്കുന്നത്. ‘ റോബര്‍ട്ട് വാധ്ര പറഞ്ഞു.
പ്രിയങ്കയെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി ഇമ്രാന് മസൂദും രംഗത്തു വന്നിരുന്നു. അവസരം ലഭിച്ചാല്‍ പ്രിയങ്കാഗാന്ധി, മുത്തശ്ശി ഇന്ദിരാഗാന്ധിയെപ്പോലെ ശക്തയായ പ്രധാനമന്ത്രിയാകുമെന്ന് ഇമ്രാന് മസൂദ് അഭിപ്രായപ്പെട്ടു. പ്രിയങ്കയെ പ്രധാനമന്ത്രിയാക്കൂ, ഇന്ദിരാഗാന്ധിയെപ്പോലെ അവര്‍ എങ്ങനെ തിരിച്ചടിക്കുമെന്ന് നോക്കൂ. ഇന്ദിരാഗാന്ധിയുടെ ചെറുമകളാണ് അവര്‍. ഇന്ദിരയുടെ നേതൃത്വം ഇന്ത്യയുടെ എതിരാളികളില്‍ ശാശ്വത സ്വാധീനം ചെലുത്തിയിരുന്നുവെന്നും ഇമ്രാന് മസൂദ് പറഞ്ഞു.

റോബര്‍ട്ട് വാധ്രയുടേയും ഇമ്രാന് മസൂദ് എംപിയുടേയും പ്രസ്താവനകള്‍ക്കെതിരെ ബിജെപി രംഗത്തു വന്നിട്ടുണ്ട്. കോണ്‍ഗ്രസിന് രാഹുല്‍ ഗാന്ധിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണിത്. രാഹുല്‍ ഗാന്ധിയെ മാറ്റി സഹോദരിയെ നിയമിക്കാനുള്ള ആഹ്വാനത്തിന് തുല്യമാണ് ഈ പരാമര്‍ശങ്ങളെന്ന് ബിജെപി വക്താവ് ഷഹ്സാദ് പൂനവാല പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ വാക്കുകളെ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ തന്നെ നിരസിക്കുകയാണെന്നും പൂനവാല അഭിപ്രായപ്പെട്ടു.

