ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥയിൽ അഴിമതിയുണ്ടെന്ന എൻസിഇആർടി പാഠപുസ്തകത്തിലെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഭരണഘടനാ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

എട്ടാം ക്ലാസിലെ പുതിയ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലാണ് ‘നീതിന്യായ വ്യവസ്ഥയിലെ അഴിമതി’ എന്ന പേരിൽ പ്രത്യേക ഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ മുതിർന്ന അഭിഭാഷകരായ കപിൽ സിബലും അഭിഷേക് മനു സിങ്വിയും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് തന്റെ നിലപാട് വ്യക്തമാക്കിയത്.
“ഈ സ്ഥാപനത്തെ ആരെങ്കിലും അപകീർത്തിപ്പെടുത്തുന്നത് നോക്കിനിൽക്കില്ല. ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം,” ചീഫ് ജസ്റ്റിസ് പറഞ്ഞു. ഈ വിഷയം ഗൗരവകരമാണെന്നും ഇതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. എട്ടാം ക്ലാസിലെ കുട്ടികളെ നീതിന്യായ വ്യവസ്ഥ അഴിമതി നിറഞ്ഞതാണെന്ന് പഠിപ്പിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് കപിൽ സിബൽ കോടതിയിൽ ചൂണ്ടിക്കാട്ടി.

നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ എന്ന തലക്കെട്ടിലാണ് പുതിയ പാഠഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്. കോടതികളിലെ കേസുകളുടെ ബാഹുല്യം, ജഡ്ജിമാരുടെ കുറവ്, സങ്കീർണ്ണമായ നിയമനടപടികൾ എന്നിവയ്ക്കൊപ്പം ‘വിവിധ തലങ്ങളിലെ അഴിമതി’ എന്നതും വെല്ലുവിളിയായി പുസ്തകത്തിൽ വിവരിക്കുന്നു.

2017-നും 2021-നും ഇടയിൽ ജുഡീഷ്യറിക്കെതിരെ 1,600-ഓളം പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, അഴിമതി ദരിദ്രരായ ആളുകൾക്ക് നീതി ലഭിക്കുന്നത് തടസ്സപ്പെടുത്തുന്നുവെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. പഴയ പാഠപുസ്തകങ്ങളിൽ നീതിന്യായ വ്യവസ്ഥയുടെ ഘടനയെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും മാത്രമായിരുന്നു വിവരിച്ചിരുന്നത്.
