ന്യൂഡല്‍ഹി: സാമൂഹ്യ പ്രവര്ത്തകന് സോനം വാങ്ചുക്കിനെതിരെ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. വാങ്ചുക്കിന്റെ സന്നദ്ധ സംഘടനക്ക് വരുന്ന വിദേശ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. ഇതിനായുള്ള ലൈസന്‍സ് റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. വിവിധ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും ഇതേ തുടര്‍ന്നാണ് നടപടിയെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. സ്റ്റുഡന്റ്സ് എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാക്ക് എന്നാണ് വാങ്ചുക്കിന്റെ എന്‍ജിഒയുടെ പേര്.

ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ സോനം വാങ്ചുക്കിനെതിനെ കേന്ദ്രസര്‍ക്കാര്‍ നടപടി കടുപ്പിക്കുകയാണ്. ചട്ടങ്ങള്‍ ലംഘിച്ച് വിദേശ ഫണ്ട് കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി വാങ്ചുക്കിനെതിരെ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. നിരാഹാര സമരത്തില്‍ സോനം വാങ്ചുക്ക് നടത്തിയ പല പരാമര്‍ശങ്ങളും സംഘര്‍ഷം ആളിക്കത്തിച്ചതായാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍.
സംഘര്‍ഷത്തില്‍ നാല് പേര് കൊല്ലപ്പെടുകയും 50 ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ലഡാക്ക് കനത്ത ജാഗ്രതയിലാണ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 50 പേരെ അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ സ്റ്റാന്സിന് സെവാങ്ങിനെതിരെ കേസ് എടുത്തിട്ടുണ്ട്. രാജ്യത്തെ നേപ്പാളാക്കാന്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു എന്ന് ബിജെപി നേതാവ് സംബിത് പത്ര കുറ്റപ്പെടുത്തി. പ്രശ്നം പരിഹരിക്കുന്നതിന് പകരം രാഹുല്‍ ഗാന്ധിയുടെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമം എന്ന് കെ സി വേണുഗോപാല്‍ എംപിയും തിരിച്ചടിച്ചു.

ലഡാക്ക് സുഘര്ഷത്തെ പിന്തുണച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും രംഗത്തുവന്നു. അവകാശങ്ങള്‍ക്കായുള്ള ലഡാക്കിലെ ജനങ്ങളുടെ ആവശ്യത്തെ ബിജെപി നേതൃത്വം നിരന്തരം അവഗണിച്ചു എന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.

