പൂനെ: വിമാനാപകടത്തില്‍ മരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറിന്റെ സംസ്കാരം ഇന്നു നടക്കും. ബാരാമതിയില്‍ രാവിലെ 11 മണിയോടെയാണ് സംസകാര ചടങ്ങുകൾ നടക്കുക. സംസ്ഥാനത്തിന്റെ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം നടക്കുക.

അജിത് പവാറിന്റെ ഭൗതിക ശരീരം രാവിലെ ഏഴുമണിയോടെ കത്തേവാഡിയിലെ വീട്ടിലെത്തിക്കും. ഒരു മണിക്കൂര്‍ പൊതുദര്‍ശനം ഇവിടെയുണ്ടാകും. തുടര്‍ന്ന് ഇവിടെ നിന്ന് വിലാപയാത്രയായി സംസ്കാര ചടങ്ങുകള്‍ നടക്കുന്ന വിദ്യാ പ്രതിഷ്ഠാൻ കോളേജിലേക്ക് ഭൗതിക ശരീരം എത്തിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കൾ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് സൂചന. അജിത് പവാറിന്റെ മരണത്തെത്തുടർന്ന് മഹാരാഷ്ട്ര സർക്കാർ മൂന്ന് ദിവസത്തെ സംസ്ഥാന ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

അജിത് പവാര്‍ സഞ്ചരിച്ച വിമാനം ഇന്നലെ ബാരാമതി വിമാനത്താവളത്തിനടുത്ത് തകര്‍ന്ന് വീണ് കത്തിയമരുകയായിരുന്നു. അജിത് പവാറിന്റെ ഉടമസ്ഥതയിലുള്ള വിമാനം തകർന്ന്, ഉപമുഖ്യമന്ത്രിയടക്കം അഞ്ചു പേരാണ് മരിച്ചത്. സംഭവത്തിൽ ഡിജിസിഎയുടെ അന്വേഷണം പുരോഗമിക്കുകയാണ്.

