മുംബൈ: അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ അവര്‍ സമ്മതം അറിയിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എൻസിപി നിയമസഭാ കക്ഷി യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കു ചേരും.

63കാരിയും രാജ്യസഭാ എംപിയുമായ സുനേത്ര മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന റെക്കോര്‍ഡോടെയാണ് അധികാര കേന്ദ്രത്തിലേക്ക് വരുന്നത്.
മഹാരാഷ്ട്രയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബത്തില്‍ അംഗമാണെങ്കിലും സുനേത്ര അടുത്ത കാലം വരെ മുന്നണി രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗമാണ് അവരെ എന്‍സിപിയുടെ നേതൃ നിരയിലേക്ക് പെട്ടെന്ന് എത്തിച്ചത്.

എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് സുനേത്രയോട് സ്ഥാനമേറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്.

