മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ അധികാരമേറ്റു. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ ദിവസമാണ് ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍ വിമാനപകടത്തില്‍ മരിച്ചത്. മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ ഉപമുഖ്യമന്ത്രിയാകുന്ന വനിതയാണ് സുനേത്ര.

അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാംഗവുമായ സുനേത്ര പവാറിനെ എന്‍സിപി (അജിത്) നിയമസഭാ കക്ഷി നേതാവായി രാവിലെ തെരഞ്ഞെടുത്തിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം പാര്‍ട്ടി ദേശീയ അധ്യക്ഷസ്ഥാനവും സുനേത്ര ഏറ്റെടുക്കുമോയെന്ന ചോദ്യം ബാക്കിയാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ കാര്യമായ പരിചയമില്ലാത്ത സുനേത്രയ്ക്ക് ഇരുപദവികളും ഒരുമിച്ചു കൈകാര്യം ചെയ്യാനാകുമോയെന്ന സംശയവും ഉയരുന്നുണ്ട്.
സുനേത്ര ഒഴിയുന്ന രാജ്യസഭാ സീറ്റ് മൂത്ത മകന് പാര്‍ഥ് പവാറിനു നല്‍കാനാണു സാധ്യത. ബാരാമതി ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്താന്‍ സുനേത്രയ്ക്ക് 6 മാസം സാവകാശമുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനത്ത് എത്തിയാലും അജിത് പവാര്‍ വഹിച്ചിരുന്ന ധനമന്ത്രിസ്ഥാനം ലഭിക്കാനിടയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അജിത്തിന്റെ മരണത്തിനു പിന്നാലെ ധനമന്ത്രിയുടെ താത്കാലിക ചുമതല ഏറ്റെടുത്ത മുഖ്യമന്ത്രി ഫഡ്നാവിസ് ആയിരിക്കും ഇത്തവണ ബജറ്റ് അവതരിപ്പിക്കുക.

