ന്യൂഡൽഹി: സ്ഫോടനമുണ്ടായതിനു ശേഷമുള്ള ആദ്യത്തെ മെഗാ ഇവന്റിനൊരുങ്ങി ചെങ്കോട്ട. ഗുരു തേജ് ബഹദൂറിന്റെ 350-ാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ഏകദേശം 50,000 പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പരിപാടി. 23 മുതൽ 25 വരെ ഡൽഹി സർക്കാർ കീർത്തന ദർബാർ സംഘടിപ്പിക്കും. നിരവധി വിവിഐപികൾ പരിപാടി വീക്ഷിക്കാൻ എത്തുമെന്നാണ് സൂചന. രാഷ്ട്രപതി ദ്രൗപദി മുർമുവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പരിപാടിയിൽ പങ്കെടുത്തേക്കുമെന്ന് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ജാസ്മയിൻ സിംഗ് നോണി പറഞ്ഞു.

സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹി പൊലീസ് ഒരുക്കുന്നത്. സന്ദർശകരെ സൂക്ഷ്മമായി പരിശോധിക്കുന്നതിന് സിഐഎസ്എഫ്, ഡൽഹി പൊലീസ്, ബോംബ് സ്ക്വാഡ്, മറ്റ് ഏജൻസികൾ എന്നിവ ഉൾപ്പെടുന്ന വിവിധ തലങ്ങളിലുള്ള സുരക്ഷയാണ് ഒരുക്കുന്നത്.
ചെങ്കോട്ടയിലേക്കുള്ള പാതയിൽ 25 പുതിയ സിസിടിവി ക്യാമറകൾ കൂടി സ്ഥാപിച്ചു. കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും പരിസരം നിരീക്ഷണത്തിലാക്കാൻ ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തുൽ മുന്നൂറോളം ക്യാമറകൾ സ്ഥാപിച്ചു.

പരിപാടിയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് തുടക്കത്തിൽ ചിലർ ആശങ്ക പ്രകടിപ്പിച്ചെങ്കിലും സംഘാടകർ ആശ്വസിപ്പിക്കുകയും ആത്മവിശ്വാസം നൽകുകയും ചെയ്തെന്നും അരലക്ഷം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ജാസ്മയിൻ സിംഗ് നോണി പറഞ്ഞു.

അതേസമയം, ജാഗ്രത പാലിക്കണമെന്നും വാടകക്കാരെ ശ്രദ്ധിക്കണമെന്നും ഓട്ടോറിക്ഷ നമ്പറുകൾ കുറിച്ചിടണമെന്നും അപരിചിതരിൽ നിന്ന് ഭക്ഷണം സ്വീകരിക്കുന്നത് ഒഴിവാക്കണമെന്നും ചാന്ദ്നി ചൗക്ക് നിവാസികളോട് ഡൽഹി പൊലീസ് നിർദേശിച്ചു.
