
കോട്ടയം∙ ഉംറയ്ക്കു പോയ കോട്ടയം സ്വദേശി മദീനയിൽ കുഴഞ്ഞുവീണു മരിച്ചു. മുണ്ടക്കയം പൈങ്ങണ തടത്തിൽ പരീത് ഖാൻ (79) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് സൗദി സമയം 8 മണിയോടെയാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച ഭാര്യയ്ക്കും ബന്ധുക്കൾക്കുമൊപ്പം മക്കയിലെത്തിയ പരീത് ഖാൻ ഉംറ ചെയ്തിരുന്നു. ശാരീരിക അസ്വസ്ഥതയിലായിരുന്ന ഇദ്ദേഹം ബന്ധുവിന്റെ വിവാഹ ചടങ്ങിലും പങ്കെടുത്ത ശേഷം മദീനയിലെത്തി.
വ്യാഴാച രാത്രി നമസ്കാരത്തിനായി പള്ളിയിൽ പ്രവേശിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം വെള്ളിയാഴ്ച ഉച്ചയോടെ മദീന ജന്നത്തുൽ ബഖിയായിൽ.
മുസ്ലിം ലീഗ് കോട്ടയം ജില്ലാ കമ്മിറ്റി അംഗം, ടൗൺ ജമാഅത്ത് കമ്മിറ്റി അംഗം, ഡോ. രാജൻ ബാബു ഫൗണ്ടേഷൻ ട്രഷറർ, സിപിഎ യൂസഫ് അനുസ്മരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: സലീന (ചപ്പാത്തു പാറയ്ക്കൽ കുടുംബാംഗം). മക്കൾ: ഷാനവാസ് (ദുബായ്), ഷെഫീക് (ദുബായ്), പരേതനായ ഷിയാസ്. മരുമക്കൾ: അനീസ, ഷെറിൻ.