തൃശൂർ: സിപിഎം നേതാവും കുന്നംകുളം മുൻ എംഎൽഎയുമായ ബാബു എം.പാലിശേരി (67) അന്തരിച്ചു. പാർക്കിൻസൺസ് രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് രണ്ടുദിവസം മുന്‍പ് കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്നു ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
രണ്ടുതവണ നിയമസഭയില്‍ കുന്നംകുളത്തെ പ്രതിനിധീകരിച്ച് എത്തിയ നേതാവാണ്. 2006-ലും 2011 ലും കുന്നംകുളം നിയോജക മണ്ഡലത്തിൽ നിന്നുമുള്ള കേരള നിയമസഭയിലെ അംഗമായിരുന്നു. ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സിപിഎം കുന്നംകുളം ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.
1980-ല്‍ ഡിവൈഎഫ്ഐ രൂപവത്കരിച്ചപ്പോള്‍ കൊരട്ടിക്കരയില്‍ പ്രഥമ യൂണിറ്റ് പ്രസിഡന്റായിട്ടാണ് പൊതുപ്രവര്‍ത്തനരംഗത്തേക്ക് എത്തിയത്. 1986 മുതല്‍ മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനായി മാറി. സിപിഎം തൃശൂർ ജില്ല മുൻ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡന്റ്, സിഐടിയു ജോയിന്റ് സെക്രട്ടറി, കേരള കലാമണ്ഡലം എക്സിക്യൂട്ടീവ് ബോർഡ് അംഗം തുടങ്ങി സാംസ്കാരിക, തൊഴിലാളി, കായിക മേഖലകളിലെല്ലാം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

ബാബു എം.പാലിശ്ശേരിയുടെ നിര്യാണത്തിൽ സ്പീക്കർ അനുശോചനം രേഖപ്പെടുത്തി. ബാബു എം.പാലിശ്ശേരിയുടെ വിയോഗത്തിൽ കേരള നിയമസഭയുടെ പേരിലും തന്റെ പേരിലുമുള്ള അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സ്പീക്കർ പറഞ്ഞു.
