തിരുവനന്തപുരം: മൊസാംബിക്കില്‍ ബോട്ട് അപകടത്തില്‍ കാണാതായ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി. ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍, ശ്രീരാഗ് രാധാകൃഷ്ണന്റെ മരണം സ്ഥിരീകരിച്ചതായി കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന് അറിയിച്ചു. ശ്രീരാഗിനെ കൂടാതെ എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തും അപകടത്തില്‍പ്പെട്ടിരുന്നു.
ഇവരടക്കം 5 ഇന്ത്യക്കാരെ കാണ്മാനില്ലായിരുന്നു. ഇതില്‍ മൂന്ന് ഇന്ത്യക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ശേഷിക്കുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ സ്കോര്‍പിയോ മറൈന്‍ കമ്പനിയില്‍ 4 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു ശ്രീരാഗ് രാധാകൃഷ്ണന്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ലീവ് കഴിഞ്ഞ് ശ്രീരാഗ് മൊസാംബിക്കിലെ ജോലി സ്ഥലത്തേക്ക് പോയത്. ഭാര്യയും രണ്ട് കുഞ്ഞുങ്ങളും മാതാപിതാക്കളും അടങ്ങുന്നതാണ് ശ്രീരാഗിന്റെ കുടുംബം. നാല് വയസും രണ്ട് മാസവും പ്രായമുളളവരാണ് മക്കള്‍. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശ്രീരാഗ്.

