വൃശ്ചികം- ധനുമാസ പുലരികളിൽ വടക്കാഞ്ചേരിയിൽ നിന്ന് ഷൊർണ്ണൂരേക്ക് ട്രെയിൻ യാത്ര നടത്തുന്നവർക്കും, വടക്കാഞ്ചേരിയിൽ നിന്ന് ഒറ്റപ്പാലത്തേക്കും പാലക്കാട്ടേക്കും ബസ്സ് യാത്ര ചെയ്യുന്നവർക്കും മനസ്സിന് കുളിരേകുന്ന കാഴ്ചയാണ് ഉത്രാളിക്കാവ്. വയലിന് നടുവിൽ പഴയ നാട്ടിൻപുറത്തിന്റെ തനിമ ഒട്ടും തന്നെ ചോർന്നു പോകാത്ത ഒരു ക്ഷേത്രമാണ് ഉത്രാളിക്കാവ്.

തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള പ്രശസ്തമായ ഒരു ക്ഷേത്രം കടിയാണ് ഉത്രാളിക്കാവ് അഥവാ രുധിരമഹാകാളിക്കാവ് ക്ഷേത്രം. ആദിപരാശക്തിയുടെ ഉഗ്രരൂപമായ ‘രുധിര മഹാകാളി’ ആണ് പ്രതിഷ്ഠ. മദ്ധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും വെടിക്കെട്ടിനു പ്രാധാന്യമുള്ള പൂരമാണ് ഉത്രാളിക്കാവ് പൂരം. തൃശ്ശൂർ പൂരത്തിനോളംതന്നെ പ്രാധാന്യമുള്ള പൂരമാണ് ഉത്രാളിക്കാവിലേത്. കേരളത്തിലെ പ്രൗഢഗംഭീരമായ ഒരു ഉത്സവം എന്ന രീതിയിൽ ആണ് ഉത്രാളിക്കാവ് പൂരം അറിയപ്പെടുന്നത്. 8 ദിവസം നീണ്ടുനിൽക്കുന്നതാണ് ഈ ഉത്സവം. കുംഭമാസത്തിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഇത്തവണ ചൊവ്വാഴ്ചയാണ് ഉത്രാളിക്കാവ് പൂരം.
കൊച്ചി രാജ്യത്തെ പ്രധാനിയായിരുന്ന പാലിയത്തച്ചനെപ്പോലെ തലപ്പള്ളിയിലെ പ്രമുഖനായിരുന്നു കേളത്തച്ചൻ. അകമല താഴ് വരകളിലുള്ള തന്റെ കൃഷിസ്ഥലങ്ങൾ സന്ദർശിക്കാൻ എത്തിയിരുന്ന കേളത്തച്ചന്റെ ഓലക്കുടയിൽനിന്നും ഭൂമിയിൽ അവരൂഢയായ മൂകാംബികാദേവിയുടെ അംശമാണ് രുധിരമഹാകാളി എന്നതാണ് ഐതിഹ്യം. പിൽക്കാലത്ത് അശ്രദ്ധമായി ഉപേക്ഷിക്കപ്പെട്ട പ്രതിഷ്ഠ, പാടത്ത് നെല്ലു കൊയ്യുകയായിരുന്ന ഒരു സ്ത്രീ അരിവാളിനു മൂർച്ചകൂട്ടുന്നതിനിടയിൽ അതിൽ നിന്നും രക്തം വരുന്നതായി കണ്ടു. തുടർന്ന് പ്രശ്നം വച്ചു നോക്കിയവർക്ക് ശിലയിലെ പരാശക്തിയുടെ സാന്നിദ്ധ്യം ബോദ്ധ്യമാവുകയും തുടർന്ന് യഥാചാരവിധികളോടെ ക്ഷേത്രം നവീകരിക്കുകയും ചെയ്തു എന്നതാണ് ഉത്രാളിക്കാവിന്റെ ഐതീഹ്യം.

കാളി ദേവിയുടെ പ്രതിഷ്ഠയാണ് ശ്രീ രുധിര മഹാകാളികാവ് ക്ഷേത്രം. ഉത്രാളിക്കാവ് പൂരം പ്രദേശത്തെ ഏറ്റവും പ്രസിദ്ധമായ ചടങ്ങാണ്. രാത്രിയും പകലും ആനകളുടെ ഘോഷയാത്രകൾ ഉയർത്തിക്കാട്ടുന്ന എട്ട് ദിവസത്തെ ആഘോഷമാണിത്. പഞ്ചവാദ്യം, പാണ്ടിമേളം തുടങ്ങിയ പരമ്പരാഗത സംഗീത മേളങ്ങൾ ഈ ഘോഷയാത്രകൾക്ക് താളം കൂട്ടുന്നു. കേരളത്തിലെ ക്ഷേത്രവും നാടൻ കലാരൂപങ്ങളും ആസ്വദിക്കാനുള്ള അവസരവും ഈ ഉത്സവം കാഴ്ചക്കാർക്ക് നൽകുന്നു.

ഉത്രാളിക്കാവ് പൂരത്തിന്റെ ഐതീഹ്യം
തിന്മയെ കൊല്ലാൻ കാളി ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഉത്സവമാണിത്. നാടോടി നൃത്തം, സംഗീത പരിപാടികൾ എന്നിവയ്ക്കൊപ്പം ആന ഘോഷയാത്ര പോലുള്ള പരമ്പരാഗത ആചാരങ്ങൾക്കും പ്രവർത്തനങ്ങൾക്കും സാക്ഷ്യം വഹിക്കാൻ പ്രദേശവാസികൾ ക്ഷേത്രത്തിൽ എത്തിച്ചേരുകയും ഒത്തുകൂടുകയും ചെയ്യുന്നു. പഴയ പാരമ്പര്യം ഒട്ടും ചോർന്ന് പോകാത്ത കേരളത്തിലെ ഉത്സവങ്ങളിൽ ഒന്നു കൂടിയാണ് ഇത് ഉത്രാളിക്കാവ് പൂരം.
തൃശൂർ പൂരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പേരുകേട്ട പൂരമാണ് ഉത്രാളിക്കാവ് പൂരം. എട്ട് ദിവസത്തെ ക്ഷേത്രോത്സവത്തിലെ പ്രധാന ദിനത്തിലാണ് പൂരം അരങ്ങേറുന്നത്. എല്ലാ വർഷവും വേനൽക്കാലത്തിന്റെ തുടക്കത്തിലാണ് ഉത്രാളിക്കാവ് ഉത്സവം നടക്കുന്നത്. മലയാള മാസം കുംഭത്തിലെ രണ്ടാം ചൊവ്വാഴ്ചയാണ് ഉത്സവ കൊടിയേറ്റം നടക്കുന്നത്. തുടർന്ന് ഏഴ് ദിവസത്തിന് ശേഷം വരുന്ന ചൊവ്വാഴ്ചയായിരിക്കും ഉത്രാളിക്കാവിൽ പൂരം നടക്കുന്നത്. ഇരുപത്തിയൊന്നോളം ആനകൾ പരമ്പരാഗത വേഷത്തിൽ വർണ്ണാഭമായ നെറ്റിപ്പട്ടങ്ങൾ അണിഞ്ഞ് അണിനിരക്കുന്നു. മാത്രവുമല്ല ഉത്സവത്തിന്റെ ആദ്യ നാൾമുതൽ അവസാനം വരെയും ഉത്സവത്തിന് ആനകൾ അണിനിരക്കും എന്ന പ്രത്യേകതയും ഉത്രാളിക്കാവിനുണ്ട്.
ആനകൾ പ്രധാന ആകർഷണമായ ഘോഷയാത്രയിൽ അയൽ ഗ്രാമ ക്ഷേത്രങ്ങളായ എങ്കക്കാട് , കുമരനെല്ലൂർ , വടക്കാഞ്ചേരി എന്നിവിടങ്ങളിലെ മൂന്ന് സംഘങ്ങൾ കൂടി പങ്കുചേരും. ഓരോ സംഘവും സാധാരണയായി ഏഴ് മുതൽ പതിനൊന്ന് വരെ ആനകളെ അവതരിപ്പിക്കുന്നു. ഇതിൽ നടുവിൽ നിൽക്കുന്ന ആനയായിരിക്കും തിടമ്പ് എടുക്കുന്നത്. ആന ഘോഷയാത്രയ്ക്ക് പുറമേ, കുതിര വേലയും വിവിധ സമുദായങ്ങൾ സമർപ്പിക്കുന്ന മറ്റ് വിവിധ പരിപാടികളും മേമ്പൊടി കൂട്ടാറുണ്ട്. പൂരത്തിന്റെ നിർണായക ഘടകങ്ങളിലൊന്നാണ് താളവാദ്യ മേളങ്ങൾ.
വെടിക്കെട്ട്
നെന്മാറ വല്ലങ്ങി വേല കഴിഞ്ഞാൽ ഏറ്റവും വലിയ പൂര വെടിക്കെട്ട് അത് ഉത്രാളിക്കാവിലേത് തന്നെയാണ് . രണ്ടുതവണയായി നടക്കുന്ന അതിമനോഹരവും ഗംഭീരവുമായ വെടിക്കെട്ടാണ് പൂരത്തിലെ ഏറ്റവും ആകർഷണം. ആദ്യത്തെ വെടിക്കെട്ട് നടക്കുന്നത് പൂരം ദിവസം വൈകുന്നേരം 4 മണിക്കാണ്. മറ്റൊന്ന് അടുത്ത ദിവസങ്ങളിൽ അതിരാവിലെ സമയങ്ങളിലും, (സാധാരണയായി പുലർച്ചെ 4:00 മണിക്ക്). എന്നാൽ പൂര ദിവസം നടക്കുന്ന വെടിക്കെട്ട് കാണാൻ ദൂര ദേശങ്ങളിൽനിന്ന് വരെ ആളുകൾ എത്താറുണ്ട്. അത്രതന്നെ പ്രശസ്തമാണ് ഉത്രാളിക്കാവിലെ വെടിക്കെട്ട്. അവസാന ദിവസം അതിരാവിലെയാണ് വെടിക്കെട്ട് നടക്കുന്നത്. മൂന്ന് ദേശങ്ങൾ തമ്മിലുള്ള മത്സരമാണ് വെടിക്കെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഈ ക്ഷേത്രം പരശുരാമൻ സ്ഥാപിച്ചതാണെന്നും വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ പരമ്പരാഗത വാസ്തുവിദ്യാ ശൈലിയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന് നാല് ഗോപുരങ്ങളുണ്ട്. ക്ഷേത്രത്തിന്റെ ചുറ്റും കൂറ്റൻ മതിലുകളും ഉണ്ട്. ഭഗവതി ദേവിയുടെ വിഗ്രഹം കരിങ്കല്ലിൽ നിർമ്മിച്ചാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. നാല് ഗോപുരങ്ങളിൽ ഏറ്റവും വലിയ ഗോപുരം കിഴക്കൻ ഗോപുരം ആണ്.
റോഡ്, റെയിൽ, വിമാനം എന്നീ മാർഗങ്ങൾ വഴി ഉത്രാളിക്കാവ് പൂരം കാണാൻ എത്താം. വടക്കാഞ്ചേരിയിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ്. ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്ക് ബസ് സർവീസുകൾ ലഭ്യമാണ്. ട്രെയിൻ വഴിയാണ് വരുന്നതെങ്കിൽ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ വടക്കാഞ്ചേരിയാണ്. ഇവിടെ ട്രെയിൽ ഇറങ്ങി പോകാം. വടക്കാഞ്ചേരിയിൽ നിന്നും 2 കിലോമീറ്റർ അകലെയാണ് ക്ഷേത്രം. ഏറ്റവും അടുത്തുള്ള വിമാനത്താവളം കൊച്ചിയാണ്. വിമാനത്താവളത്തിൽ നിന്നും 50 കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിനു സമീപം ഉത്സവത്തിന് നിരവധി ഭക്ഷണ ശാലകൾ കാണാം. ഉത്സവത്തിന്റെ ദിവസങ്ങളിൽ വിവിധതരം വിഭവങ്ങൾ ലഭിക്കും. തെരുവ്കച്ചവടക്കാർ ധാരാളം എത്തുന്ന ഉത്സവം ആണ്. പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ളവരാണ് കൂടുതൽ ആയി ഇവിടേക്ക് എത്തുന്നത്.
