കാൻപുർ∙ ആദ്യ ദിവസം 35 ഓവറില്‍ കളി നിർത്തി, രണ്ടും മൂന്നും ദിനങ്ങളിൽ ഒരു പന്തുപോലും എറിയാൻ സാധിക്കാതെ ഉപേക്ഷിച്ചു. എന്നിട്ടും വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിച്ചില്ല. ഗൗതം ഗംഭീറിന്റെ പരിശീലനത്തിൻ കീഴിൽ 11 താരങ്ങളും ഒരുമിച്ചുനിന്നു പൊരുതിയപ്പോൾ അവസാന രണ്ടു ദിനം കൊണ്ട് കളി ഇന്ത്യയുടെ കയ്യിൽ. മോശം ഗ്രൗണ്ടിന്റെ പേരിൽ ഏറെ പഴികേട്ട കാൻപുർ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ ബംഗ്ലദേശിനെതിരെ ഏഴു വിക്കറ്റു വിജയമാണ് രോഹിത് ശർമയും സംഘവും സ്വന്തമാക്കിയത്.
ബംഗ്ലദേശ് ഓപ്പണറെ പുറത്താക്കാന്‍ കോലിയുടെ ഉപദേശം, അടുത്ത പന്തിൽ അശ്വിന് വിക്കറ്റ്- വിഡിയോ
Cricket
അവസാന ദിവസം സമനിലയ്ക്കു വേണ്ടി പൊരുതിയ ബംഗ്ലദേശിനെ 146 ന് ചുരുട്ടിക്കെട്ടിയ ഇന്ത്യ, 95 റൺസ് വിജയലക്ഷ്യത്തിലേക്ക് 17.2 ഓവറിൽ മൂന്നു വിക്കറ്റു മാത്രം നഷ്ടത്തിൽ എത്തി. നാട്ടിൽ ഇന്ത്യയുടെ തുടർച്ചയായ 18–ാം ടെസ്റ്റ് പരമ്പര വിജയമാണിത്. ഇതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഇന്ത്യയ്ക്ക് 12 പോയിന്റ് കൂടിയായി. 11 മത്സരങ്ങൾ കഴിയുമ്പോൾ 74.24 ആണ് ഇന്ത്യയുടെ പോയിന്റ്സ് പേർസന്റേജ്. തുടർച്ചയായ മൂന്നാം ഫൈനലിലേക്ക് ഇന്ത്യ കുറച്ചുകൂടി അടുത്തു.
ആദ്യം എറിഞ്ഞൊതുക്കി
ടോസ് നേടി ബംഗ്ലദേശിനെ ബാറ്റിങ്ങിനു വിട്ട ഇന്ത്യയ്ക്ക് ആദ്യ ദിനം തന്നെ മഴ വെല്ലുവിളിയായി. ബംഗ്ലദേശിനെതിരെ 35 ഓവർ മാത്രം എറിഞ്ഞ് അവർക്കു മടങ്ങേണ്ടിവന്നു. രണ്ടാം ദിവസം മഴ തോരാതിരുന്നതോടെ കളി മുടങ്ങിയെങ്കില്‍, മൂന്നാം ദിനം ഗ്രൗണ്ടിലെ ഈർപ്പമായിരുന്നു വെല്ലുവിളി. ഒരു ദിവസം മുഴുവൻ മഴ പെയ്യാതിരുന്നിട്ടും ഉച്ച വരെ കാത്തിരുന്നിട്ടും കാൻപുരിലെ ഗ്രൗണ്ടിലെ നനവ് ഉണക്കാൻ സാധിച്ചില്ല. ഇതോടെ നാല് ഇന്നിങ്സ് മത്സരം പൂർത്തിയാക്കാൻ ഇന്ത്യയ്ക്കു ലഭിച്ചത് ആകെ രണ്ടു ദിവസം മാത്രം!.
ഇന്ത്യൻ താരങ്ങൾ പരമ്പര വിജയികൾക്കുള്ള ട്രോഫിയുമായി. Photo: X@BCCI
ബംഗ്ലദേശിന്റെ ആദ്യ ഇന്നിങ്സിൽ സെഞ്ചറി നേടിയ മൊമീനുൽ ഹഖ് മാത്രമായിരുന്നു ഇന്ത്യൻ ബോളർമാർക്ക് കാര്യമായ വെല്ലുവിളിയായത്. 194 പന്തുകൾ ബാറ്റു ചെയ്ത മൊമീനുൽ ഹഖ് 107 റൺസെടുത്തു പുറത്താകാതെനിന്നു. മികച്ചൊരു കൂട്ട് മൊമീനുൽ ഹഖിന് ലഭിച്ചിരുന്നെങ്കിൽ ബംഗ്ലദേശിന്റെ ആദ്യ ഇന്നിങ്സ് സ്കോർ ഒരുപക്ഷേ 300 കടക്കുമായിരുന്നു. പന്തെറിഞ്ഞ ഇന്ത്യൻ ബോളർമാരെല്ലാം വിക്കറ്റ് വീതിച്ചെടുത്തതോടെ 74.2 ഓവറിൽ 233 റണ്‍സിന് ബംഗ്ലദേശ് പുറത്തായി. ജസ്പ്രീത് ബുമ്ര മൂന്നു വിക്കറ്റും സിറാജ്, ആർ. അശ്വിൻ, ആകാശ്ദീപ് എന്നിവർ രണ്ടു വിക്കറ്റുവീതവും വീഴ്ത്തി. ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി.
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന രവീന്ദ്ര ജഡേജ. Photo: X@BCCI
നിർണായകം അതിവേഗ ബാറ്റിങ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
റെക്കോർഡുകൾ തകർത്തെറിഞ്ഞ അതിവേഗ ബാറ്റിങ്ങിനായിരുന്നു പിന്നീട് കാൻപുര്‍ സ്റ്റേഡിയം സാക്ഷിയായത്. യുവതാരം യശസ്വി ജയ്സ്വാളും ക്യാപ്റ്റന്‍ രോഹിത് ശർമയും കത്തിക്കയറിയതോടെ സ്കോർ കുതിച്ചുയർന്നു. ആദ്യ ഓവറിൽ 3 ഫോർ അടക്കം 12 റൺസുമായി യശസ്വി ജയ്സ്വാൾ വെടിക്കെട്ടിന് തിരികൊളുത്തി. രണ്ടാം ഓവറിൽ നേരിട്ട ആദ്യ രണ്ടു പന്തും സിക്സറിനു പറത്തി രോഹിത്തും തുടങ്ങി. 3 ഓവറിൽ ഇന്ത്യൻ ടോട്ടൽ 50 കടന്നു. ടെസ്റ്റ് ചരിത്രത്തിൽ ഒരു ടീമിന്റെ ഏറ്റവും വേഗമേറിയ 50 (മറികടന്നത് വെസ്റ്റിൻഡീസിനെതിരെ ഈ വർഷം 4.2 ഓവറിൽ 50 നേടിയ ഇംഗ്ലണ്ടിന്റെ റെക്കോർഡ്).
മഴ മുടക്കിയ കളി തിരികെപ്പിടിച്ച് ഇന്ത്യ; രണ്ടാം ടെസ്റ്റിൽ ഏഴു വിക്കറ്റ് വിജയം, പരമ്പര
Cricket
11 പന്തിൽ 23 റൺസുമായി രോഹിത്തും 51 പന്തിൽ 72 റൺസുമായി ജയ്സ്വാളും നൽകിയ തുടക്കം പുറകേ വന്നവർ ഏറ്റുപിടിച്ചു. ശുഭ്മൻ ഗിൽ (36 പന്തിൽ 39), വിരാട് കോലി (35 പന്തിൽ 47), കെ.എൽ.രാഹുൽ (43 പന്തിൽ 68) എന്നിവർ അറ്റാക്കിങ് മോഡിലേക്ക് തിരിഞ്ഞതോടെ ഇന്ത്യൻ സ്കോറിങ് കുതിച്ചു. 4 വിക്കറ്റ് വീതം വീഴ്ത്തിയ മെഹദി ഹസൻ മിറാസും ഷാക്കിബ് അൽ ഹസനും തിളങ്ങിയതോടെ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്ത് ഇന്ത്യ ഡിക്ലയർ ചെയ്തു.
രോഹിത് ശർമ, യശസ്വി ജയ്സ്വാൾ. Photo: X@Johns
വീണ്ടും ബോളിങ് ഷോ
നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 11 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 26 റൺസെന്ന നിലയിലായിരുന്നു ബംഗ്ലദേശ്. അവസാന ദിവസം ബംഗ്ലദേശിനെ പുറത്താക്കാനുള്ള ചുമതല ആദ്യം ഏറ്റെടുത്തതു സ്പിന്നർമാരായിരുന്നു. ആർ. അശ്വിനും രവീന്ദ്ര ജഡേജയും ആറു വിക്കറ്റുകൾ തുല്യമായി പങ്കിട്ടെടുത്തു. അർധ സെഞ്ചറി നേടിയ ഷദ്മൻ ഇസ്ലാമായിരുന്നു രണ്ടാം ഇന്നിങ്സിലെ ബംഗ്ലദേശിന്റെ ടോപ് സ്കോറർ. 101 പന്തുകൾ നേരിട്ട താരം 50 റൺസെടുത്തു പുറത്തായി.
മധ്യനിര പതറിയപ്പോഴും 37 റണ്‍സെടുത്ത മുഷ്ഫിഖർ പൊരുതിനിന്നു. ലഞ്ചിനു പിരിയുന്നതിനു തൊട്ടുമുൻപ് ബുമ്രയെ ബൗണ്ടറി കടത്താനുള്ള മുഷ്ഫിഖറിന്റെ ശ്രമം പിഴച്ചു. നിർണായക അവസരങ്ങളിലെല്ലാം ടീം ഇന്ത്യയുടെ രക്ഷകനായി അവതരിച്ചിട്ടുള്ള ബുമ്ര, മുഷ്ഫിഖറിന്റെ വിക്കറ്റ് തെറിപ്പിച്ചു. ബംഗ്ലദേശ് 146ന് ഓള് ഔട്ടായതോടെ ഇന്ത്യയ്ക്ക് ജയിക്കാൻ 95 റണ്‍സ് മാത്രം. ലഞ്ചിനുപിന്നാലെ തകർത്തടിച്ച ഇന്ത്യ, ചായയ്ക്കു പിരിയും മുൻപേ കളിയും തീർത്തു, പരമ്പരയും സ്വന്തമാക്കി. യശസ്വി ജയ്സ്വാളാണ് കളിയിലെ താരം.
English Summary:
India thrashed Bangladesh in second test