ലക്നൗ∙ അഭ്യൂഹങ്ങളും റിപ്പോർട്ടുകളും ശരിവച്ച് ലക്നൗ സൂപ്പർ ജയന്റ്സ് കഴിഞ്ഞ സീസണിൽ ടീമിന്റെ നായകനായിരുന്ന കെ.എൽ. രാഹുലിനെ നിലനിർത്തുന്നില്ലെന്ന് വ്യക്തമായതിനു പിന്നാലെ, താരത്തെ പരിഹസിക്കുന്ന പരാമർശങ്ങളുമായി ടീം ഉടമ സഞ്ജീവ് ഗോയങ്ക. പേരെടുത്തു പറഞ്ഞില്ലെങ്കിലും, ജയിക്കാനുള്ള മനോഭാവമുള്ളവരും വ്യക്തപരമായ നേട്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കാത്തവരും മാത്രം ടീമിൽ മതിയെന്നായിരുന്നു രാഹുലിനെ ഉന്നമിട്ട് ഗോയങ്കയുടെ പരാമർശം.
കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരം തോറ്റതിനു പിന്നാലെ ഗോയങ്ക ഗ്രൗണ്ടിലെത്തി രാഹുലിനെ ശാസിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അന്നത്തെ ‘കലിപ്പ്’ തീർന്നിട്ടില്ലെന്ന് വ്യക്തമാക്കിയാണ്, ടീമിൽനിന്ന് ഒഴിവാക്കിയ ശേഷവും രാഹുലിനെതിരെ ഗോയങ്കയുടെ കടുത്ത പരാമർശങ്ങൾ.
ഈ സീസണിൽ രാഹുലിനെ ടീമിൽ നിലനിർത്തേണ്ടതില്ലെന്ന് തീരുമാനിച്ച ലക്നൗ സൂപ്പർ ജയന്റ്സ് മാനേജ്മെന്റ്, പകരം വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാൻ, ഇന്ത്യൻ താരങ്ങളായ മായങ്ക് യാദവ്, രവി ബിഷ്ണോയ്, ആയുഷ് ബദോനി, മൊഹ്സിൻ ഖാൻ എന്നിവരെയാണ് നിലനിർത്തിയത്. ഇതിൽത്തന്നെ പുരാനെ 21 കോടി രൂപ നൽകിയാണ് അവർ നിലനിർത്തിയത്. മായങ്ക് യാദവ്, രവി ബിഷ്ണോയ് എന്നിവർക്ക് 11 കോടി വീതം, മൊഹ്സിൻ ഖാൻ, ആയുഷ് ബദോനി എന്നിവർക്ക് 4 കോടി വീതം എന്നിങ്ങനെയാണ് ലക്നൗ നൽകിയത്.
Vazhcha Yugam Whatsapp Group ചേരാൻ
Vazhcha Yugam Whatsapp Telegram Group ചേരാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ഇതിനു പിന്നാലെയാണ് രാഹുലിനെ അപമാനിക്കുന്ന ടീം ഉടമയുടെ പരാമർശങ്ങൾ. ‘‘ഇത്തവണ താരങ്ങളെ നിലനിർത്തുന്നതിൽ ഞങ്ങൾ സ്വീകരിച്ച മാനദണ്ഡം വളരെ ലളിതമായിരുന്നു. ജയിക്കാനുള്ള മനോഭാവമുള്ളവർ മാത്രം മതിയെന്നായിരുന്നു തീരുമാനം. മാത്രമല്ല, വ്യക്തിപരമായ നേട്ടങ്ങളും ലക്ഷ്യങ്ങളും ടീമിന്റെ താൽപര്യത്തിനായി മാറ്റിവച്ച് കളിക്കുന്നവരെയാണ് ഞങ്ങൾക്കു വേണ്ടത്. ഈ മാനദണ്ഡപ്രകാരമാണ് അഞ്ചു പേരെ നിലനിർത്താൻ തീരുമാനിച്ചത്.’ – ഗോയങ്ക പറഞ്ഞു.
നിക്കോളാസ് പുരാനെ 21 കോടി രൂപ നൽകി നിലനിർത്താനുള്ള തീരുമാനമെടുക്കാൻ കാര്യമായ ആലോചന പോലും വേണ്ടിവന്നില്ലെന്ന് ഗോയങ്ക വ്യക്തമാക്കി.
‘‘ആരെയൊക്കെ നിലനിർത്തണമെന്ന ചർച്ചയിൽ ആദ്യത്തെ താരത്തെ തീരുമാനിക്കാൻ രണ്ടു മിനിറ്റിലേറെ നീണ്ട ചർച്ച പോലും വേണ്ടിവന്നില്ല. അൺക്യാപ്ഡ് താരങ്ങളിൽ രണ്ടു പേരെയാണ നിലനിർത്തുന്നത്. ആയുഷ് ബദോനിയും മൊഹ്സിൻ ഖാനും. സഹീർ ഖാൻ, ജസ്റ്റിൻ ലാംഗർ, ടീമിന്റെ അനലിസ്റ്റ് എന്നിവർ കൂടിയാലോചിച്ചാണ് ആരെയൊക്കെ നിലനിർത്തണമെന്ന കാര്യത്തിൽ തീരുമാനമെടുത്തത്. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ ബോളർമാരെയാണ് ഞങ്ങൾ നിലനിർത്തിയത്. പുരാന്റെ കാര്യത്തിൽ നേരത്തേ പറഞ്ഞതുപോലെ കാര്യമായ ചർച്ച പോലുമുണ്ടായിരുന്നില്ല. ആയുഷ് കഴിഞ്ഞ സീസണിൽ ആറാം നമ്പറിലും ഏഴാം നമ്പറിലും വന്ന് തകർത്തടിച്ച താരമാണ്’ – ഗോയങ്ക പറഞ്ഞു.
കഴിഞ്ഞ സീസണിൽ ലക്നൗ സൂപ്പർ ജയന്റ്സിനായി 14 മത്സരങ്ങളിൽനിന്ന് 37.14 ശരാശരിയിൽ 520 റൺസ് നേടിയ താരമാണ് രാഹുൽ. എന്നാൽ, രാഹുലിന്റെ സ്ട്രൈക്ക് റേറ്റുമായി ബന്ധപ്പെട്ട അതൃപ്തിയാണ് ടീം ഉടമ പ്രകടിപ്പിച്ചത്. കഴിഞ് സീസണിൽ 136.13 ആയിരുന്നു രാഹുലിന്റെ സ്ട്രൈക്ക് റേറ്റ്. ഐപിഎലിൽ ആകെ ലക്നൗവിനായി 38 മത്സരങ്ങളിൽനിന്ന് 1200 റൺസിലധികം സ്കോർ ചെയ്ത താരമാണ് രാഹുൽ.