ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ‘ഹൈബ്രിഡ്’ മോഡലിൽ സംഘടിപ്പിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) സമ്മതിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു വേദിയിൽ നടത്താനുള്ള ‘ഹൈബ്രിഡ് മോഡൽ’ നിർദേശം അംഗീകരിച്ചില്ലെങ്കിൽ ടൂർണമെന്റ് പാക്കിസ്ഥാനിൽനിന്നു മാറ്റുമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) താക്കീത് നൽകിയിരുന്നു. ഇതോടെയാണ് പിസിബി വഴങ്ങിയതെന്നാണ് സൂചന. ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടക്കാനാണ് സാധ്യത.
എന്നാൽ ‘ഹൈബ്രിഡ്’ മോഡലിനായി രണ്ടു നിബന്ധനകളും പിസിബി മുന്നോട്ടുവച്ചതായാണ് വിവരം. ടൂർണമെന്റിന്റെ ഫൈനൽ മത്സരം ലാഹോറിൽ നടത്തണമെന്നാണ് പാക്കിസ്ഥാന്റെ ഒരാവശ്യം. ലാഹോറിലെ വേദി റിസവർവായി വയ്ക്കണം. ഇന്ത്യ ഫൈനലിൽ പ്രവേശിച്ചില്ലെങ്കിൽ ഇവിടെ തന്നെ മത്സരം നടത്തണമെന്നുമാണ് ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ഭാവിയിൽ ഇന്ത്യ ഐസിസി ടൂർണമെന്റുകൾ സംഘടിപ്പിക്കുമ്പോഴും ഹൈബ്രിഡ് മാതൃക പിന്തുടരണമെന്നാണ് മറ്റൊരു ആവശ്യം. ഇന്ത്യയ്ക്ക് പാക്കിസ്ഥാനിൽ വന്ന് കളിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പാക്ക് ടീമും ഇന്ത്യയിൽ പോയി കളിക്കില്ലെന്ന് പിസിബി വ്യക്തമാക്കി. ഭാവിയിൽ ഇന്ത്യ നടത്തുന്ന ഐസിസി ടൂർണമെന്റിൽ പാക്കിസ്ഥാന്റെ മത്സരങ്ങൾ മറ്റൊരു രാജ്യത്ത് നടത്തണമെന്ന് പിസിബി ആവശ്യപ്പെട്ടു.
2025ലെ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന് പാക്കിസ്ഥാനാണ് ആതിഥ്യം വഹിക്കുന്നത്. പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിലെ അയക്കില്ലെന്ന് ബിസിസിഐയും കേന്ദ്രസർക്കാരും നിലപാട് എടുത്തതോടെയാണ് തർക്കം ഉടലെടുത്തത്. ഇക്കാര്യത്തിൽ ഐസിസിയും ബിസിസിഐക്കൊപ്പമാണ്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനിൽ ഇന്ത്യ ക്രിക്കറ്റ് കളിച്ചിട്ടില്ല. 2017ന് ശേഷം ആദ്യമായാണ് ചാംപ്യൻസ് ട്രോഫി സംഘടിപ്പിക്കുന്നത്. 2017ൽ പാക്കിസ്ഥാനാണ് ചാംപ്യൻസ് ട്രോഫി കിരീടം ചൂടിയത്.