തിരുവനന്തപുരം: ടി 20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ. നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്. ആര്‍ക്കും തളര്‍ത്താനാകില്ല. രാജ്യത്തിനു വേണ്ടി ഇനിയും വലിയ നേട്ടങ്ങള്‍ കൊയ്യാനാകട്ടെ എന്നും പിണറായി വിജയന് ഫെയ്സ്ബുക്കില്‍ കുറിച്ചു.

രാഷ്ട്രീയ വ്യത്യാസമില്ലാതെ സഞ്ജുവിന് അഭിനന്ദന പ്രവാഹമാണ്. സഞ്ജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. ബാറ്റിങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഒറ്റ പേരു മാത്രം- സഞ്ജു സാംസണ്. വി ഡി സതീശന് സമൂഹമാധ്യമത്തില്‍ കുറിച്ചു.
നിര്‍ണായക സന്ദര്‍ഭത്തില്‍, ഗംഭീരമായ ഒരു ഇന്നിംഗ്സിലൂടെ സഞ്ജു സാംസണ് അവസരത്തിനൊത്ത് ഉയര്‍ന്നുവന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. ’50 പന്തില്‍ നിന്ന് പുറത്താകാതെ 97 റണ്‍സ്! അവിശ്വസനീയമായ ഒരു ഇന്നിംഗ്സിലൂടെ, സഞ്ജു ഒറ്റയ്ക്ക് ടീം ഇന്ത്യയെ സെമിഫൈനലിലേക്ക് നയിച്ചു.’ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സഞ്ജുവിന്റെ പ്രകടനത്തെ തിരുവനന്തപുരം എംപി ശശി തരൂരും പ്രശംസിച്ചു. ‘തുടക്കത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടമായത് ഏറെ വേദനിപ്പിച്ചിരുന്നു. ഇന്ന് എന്തുകൊണ്ടാണ് താന്‍ ഒന്നാമത്തെ സ്ഥാനത്തിന് അര്‍ഹനെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നു. തിരുവനന്തപുരത്തിന്റെ മകന് ഇന്ന് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുന്നു’. ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

