കൊൽക്കത്ത: 14 വർഷത്തിനു ശേഷം ഇന്ത്യയിലേക്കു വീണ്ടും എത്തുന്നതിൽ സന്തോഷമുണ്ടെന്നു പ്രഖ്യാപിച്ച് അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. ‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025’ എന്ന പേരിൽ കൊൽക്കത്ത, അഹമ്മദാബാദ്, മുംബൈ, ന്യൂഡൽഹി എന്നീ നഗരങ്ങളിൽ നടക്കുന്ന പരിപാടികളിലാണ് മെസ്സി തന്റെ പങ്കാളിത്തം ഉറപ്പു നൽകിയത്.

പരിപാടിയുടെ വിവരങ്ങൾ സംഘാടകർ ഓഗസ്റ്റിൽ പുറത്തുവിട്ടിരുന്നെങ്കിലും പങ്കാളിത്തം ഉറപ്പാക്കുന്ന മെസ്സിയുടെ പ്രതികരണം ആദ്യമായാണ്.‘‘ഇന്ത്യയിലേക്കു വീണ്ടും വരുന്നതിൽ ഞാൻ ആഹ്ലാദവാനാണ്. ഈ ട്രിപ്പ് എന്നെ സംബന്ധിച്ചിടത്തോളം ഒരു ആദരം കൂടിയാണ്.
ഇന്ത്യ വളരെ സ്പെഷലായ ഒരു രാജ്യമാണ്. 14 വർഷം മുൻപ് അവിടം സന്ദർശിച്ചപ്പോഴത്തെ നല്ല ഓർമകൾ ഇപ്പോഴും മനസ്സിലുണ്ട്’’– മെസ്സി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഡിസംബർ 13ന് കൊൽക്കത്തയിലാണ് മെസ്സിയുടെ പര്യടനത്തിനു തുടക്കം. അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലെ പരിപാടികൾക്കു ശേഷം 15ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മെസ്സി സന്ദർശിക്കും.

ഇതിനു മുൻപു 2011ൽ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലയ്ക്കെതിരെ നടന്ന ഫിഫ രാജ്യാന്തര സൗഹൃദ മത്സരത്തിൽ പങ്കെടുക്കാനായിരുന്നു മെസ്സി ഇന്ത്യയിലെത്തിയത്. ഈ സന്ദർശനത്തിനു മുൻപ് നവംബറിൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീം കൊച്ചിയിൽ രാജ്യാന്തര സൗഹൃദ മത്സരം കളിക്കുമെന്നു കായികമന്ത്രി വി. അബ്ദുറഹിമാൻ വ്യക്തമാക്കിയിട്ടുണ്ട്. മത്സരത്തിന്റെ തീയതിയും അർജന്റീന ടീമിന്റെ എതിരാളികളെയും ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മത്സരത്തിനായി കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ നവീകരണം പുരോഗമിക്കുകയാണ്.

