പെർത്ത്: വനിതാ ഏഷ്യ കപ്പ് പോരാട്ടം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ഫുട്ബോൾ ടീം ജേഴ്സി പ്രതിസന്ധിയിൽ. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അയച്ചുനൽകിയ ജേഴ്സികൾ താരങ്ങൾക്ക് പാകമാകാത്തതിനെത്തുടർന്ന് ഓസ്ട്രേലിയയിലെ പ്രാദേശിക വിപണിയിൽ നിന്ന് പുതിയ കിറ്റുകൾ വാങ്ങാൻ അധികൃതർ നിർബന്ധിതരായി.

ഡൽഹിയിൽ നിന്നുള്ള ജേഴ്സികൾ എത്തുന്നതിൽ ആദ്യം അനുമതിയുമായി ബന്ധപ്പെട്ട കാലതാമസം നേരിട്ടിരുന്നു. തുടർന്ന് ടീം ഫോട്ടോ ഷൂട്ടും ഒഫീഷ്യൽ എക്യുപ്മെന്റ് ചെക്കും മാറ്റിവെക്കാൻ താരങ്ങൾ സംഘാടകരോട് ആവശ്യപ്പെട്ടു. എന്നാൽ മത്സരം തുടങ്ങാൻ രണ്ട് ദിവസം മുൻപ് ജേഴ്സികൾ എത്തിയപ്പോഴാണ് അവ താരങ്ങൾക്ക് തീരെ പാകമാകാത്ത ചെറിയ സൈസ് ആണെന്ന് കണ്ടെത്തിയത്. പ്രായം കുറഞ്ഞ ടീമുകൾക്കായി നിർമ്മിച്ച കിറ്റുകളാണ് സീനിയർ ടീമിന് നൽകിയത്. 26 അംഗ സ്ക്വാഡിലെ 80 ശതമാനം താരങ്ങൾക്കും ഇവ ഉപയോഗിക്കാൻ സാധിക്കാത്തവയായിരുന്നു.
സ്വീറ്റി ദേവി, മനീഷ കല്യാൺ, ഗ്രേസ് ഡാങ്മെയ്, സംഗീത ബസ്ഫോർ, പാത്തോയ് ചാനു, സഞ്ജു, പ്യാരി ക്സാക്സ, ശ്രേയ ഹൂഡ എന്നീ സീനിയർ താരങ്ങൾ ഫെഡറേഷനു ഔദ്യോഗികമായി പരാതി നൽകി. “പരിശീലന സമയത്ത് അനുയോജ്യമായ വസ്ത്രങ്ങളില്ലാതെ ഞങ്ങൾ ഇതിനകം പ്രയാസം നേരിടുന്നു. നിർണ്ണായകമായ ഈ ഘട്ടത്തിൽ തെറ്റായ കിറ്റുകൾ നൽകിയത് ടീമിന്റെ മനോവീര്യത്തെ ബാധിക്കുകയും മത്സരത്തിനായുള്ള ശ്രദ്ധ തിരിക്കുകയും ചെയ്തുവെന്നും കത്തിൽ പറയുന്നു. അന്താരാഷ്ട്ര തലത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കുമ്പോൾ പ്രൊഫഷണൽ നിലവാരം പുലർത്തണമെന്നും അവർ ആവശ്യപ്പെട്ടു.

നിലവിൽ ദേശീയ ടീമിന് ഔദ്യോഗിക കിറ്റ് പാർട്ണര്‍മാര്‍ ഇല്ലാത്തതാണ് ഇത്തരം പ്രതിസന്ധിക്ക് കാരണമെന്ന് ഒരു മുതിർന്ന AIFF ഉദ്യോഗസ്ഥൻ പറഞ്ഞു. പെർത്തിലുള്ള ഒരു ഇറ്റാലിയൻ കമ്പനിയിൽ നിന്നും രണ്ട് സെറ്റ് ജേഴ്സികൾ (ലൈറ്റ് ബ്ലൂ, റെഡ്) പ്രാദേശികമായി കണ്ടെത്തിയിട്ടുണ്ട്. മത്സരത്തിന് ഒരു ദിവസം മുൻപ് പേരുകളും നമ്പറുകളും പതിച്ച പുതിയ കിറ്റുകൾ താരങ്ങൾക്ക് ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

ഈ തിരിച്ചടികൾക്കിടയിലും ടീം പൂർണ്ണ ആത്മവിശ്വാസത്തിലാണ്. 2003-ന് ശേഷം ആദ്യമായാണ് ഇന്ത്യ മെറിറ്റ് അടിസ്ഥാനത്തിൽ ഏഷ്യ കപ്പിന് യോഗ്യത നേടുന്നത്. ഈ ടൂർണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാൽ അടുത്ത വർഷം ബ്രസീലിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാൻ ഇന്ത്യക്ക് സാധിക്കും. മാർച്ച് 4 ബുധനാഴ്ച വിയറ്റ്നാമിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
