ഹരാരെ: അണ്ടര്‍-19 ലോകകപ്പ് സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. മലയാളി താരം ആരോണ്‍ ജോര്‍ജിന്റെ സെഞ്ച്വറിയുടെയും വൈഭവ് സൂര്യവംശി, ക്യാപ്റ്റന്‍ ആയുഷ് മാത്രെ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തില്‍ അഫ്ഗാനിസ്ഥാന് ഉയര്‍ത്തിയ 311 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 8.5 ഓവറും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തി മറികടന്നു.

അണ്ടര്‍-19 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിജയകരമായ റണ്‍ ചേസ് ആണിത്.
95 പന്തില്‍ സെഞ്ച്വറി തികച്ച ആരോണ്‍ ജോര്‍ജ് 104 പന്തില്‍ 115 റണ്‍സുമായി ടോപ് സ്കോററായി. വിജയത്തിനരികെ ആരോണ്‍ വീണപ്പോള്‍ വിഹാന് മല്‍ഹോത്രയും(46 പന്തില്‍ 38), വേദാന്ത് ത്രിവേദിയും(4) ചേര്‍ന്ന് ഇന്ത്യയെ വിജയവര കടത്തി.

വൈഭവ് സൂര്യവംശി 33 പന്തില്‍ 68 റണ്‍സെടുത്ത് തകര്‍പ്പന്‍ തുടക്കം നല്കിയപ്പോള് ക്യാപ്റ്റന്‍ ആയുഷ് മാത്രെ 59 പന്തില്‍ 62 റണ്‍സെടുത്തു. വെള്ളിയാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. സ്കോര്‍ അഫ്ഗാനിസ്ഥാന് 50 ഓവറില്‍ 310-4, ഇന്ത്യ 41.1 ഓവറില്‍ 311-2.

