ചെന്നൈ: മുൻ ലോക ബില്യാർഡ്സ് ചാംപ്യൻ മനോജ് കോത്താരി അന്തരിച്ചു. 67 വയസായിരുന്നു. തിങ്കളാഴ്ച തമിഴ്നാട്ടിലെ തിരുനെൽവേലിയിലെ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

കൊൽക്കത്തയിൽ താമസിക്കുന്ന മനോജ് കോത്താരിക്ക് 10 ദിവസം മുൻപ് തിരുനെൽവേലിയിലെ കാവേരി ആശുപത്രിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നു. മൂന്നാം ദിവസം അദ്ദേഹം ഇരുന്ന് സംസാരിച്ചിരുന്നു.
എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം ശ്വാസകോശത്തിൽ അണുബാധ ഉണ്ടായി. തിങ്കളാഴ്ച കാലത്ത് 7.30 ഓടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാകുകയും മരണം സംഭവിച്ചതായും അദ്ദേഹത്തിന്റെ കുടുംബാംഗം വ്യക്തമാക്കി.

1990ലാണ് അദ്ദേഹം ലോക ചാംപ്യനായത്. അദ്ദേഹത്തിന്റെ മകന് സൗരവ് കോത്താരിയും ബില്യാര്‍ഡ്സിലെ മുന്‍ ലോക ചാംപ്യനാണ്. 2025ലാണ് സൗരവിന്റെ നേട്ടം. പിതാവായ മനോജ് കോത്താരിയായിരുന്നു സൗരവിന്റെ മെന്റര്‍.

ലോക കായിക ഭൂപടത്തില്‍ ഇന്ത്യന്‍ ബില്യാര്‍ഡ്സിന്റെ സ്ഥാനം അടയാളപ്പെടുത്തിയ നിര്‍ണായക താരമായിരുന്നു മനോജ് കോത്താരി. മൂന്ന് പതിറ്റാണ്ടോളം നീളുന്നതാണ് അദ്ദേഹത്തിന്റെ കരിയര്‍. 2005ല്‍ കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് രാജ്യം ധ്യാന്‍ചന്ദ് അവാര്‍ഡ് നല്കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
