ദിബ്രുഗഡ് : സന്തോഷ് ട്രോഫി ഫുട്ബോളിൽ കിരീടപ്പോരിനു യോഗ്യത നേടി കേരളം. ധാക്കുവഖാന സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ പഞ്ചാബിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകര്‍ത്താണ് തുടർച്ചയായ രണ്ടാം തവണ കേരളം ഫൈനലിൽ എത്തുന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സർവീസസാണ് എതിരാളി. എട്ടാം കിരീടമാണ് ഇരുടീമുകളുടെയും ലക്ഷ്യം. ഇരുവരും ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം സർവീസസിനായിരുന്നു. കേരളത്തിന്റെ പതിനാറാം ഫൈനലാണ്.

മത്സരത്തില്‍ കേരളത്തിനായി മുഹമ്മദ് റിയാസ് ഇരട്ടഗോളുകള്‍ നേടി തിളങ്ങിയപ്പോള്‍ അജ്സൽ, വിഘ്നേഷ് എന്നിവരും പഞ്ചാബിനെതിരെ വലകുലുക്കി. പതിനാറാം മിനിറ്റിൽ മുഹമ്മദ് അജ്സലാണ് ആദ്യം ലക്ഷ്യം കണ്ടത്. വി അർജുൻ എടുത്ത കോർണർ കിക്കിന് അജ്സൽ തലവക്കുകയായിരുന്നു. 34-ാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ പിറന്നത്. അർജുൻ നൽകിയ കോർണർ ബിബിൻ അജയൻ വഴി മുഹമ്മദ് റിയാസിലേക്ക്.
അവസരം മുതലെടുത്ത റിയാസ് കേരളത്തിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ഇടവേളക്ക് പിരിയും മുമ്പ് വിഘ്നേഷ് കൂടി ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ കേരളം മൂന്ന് ഗോളിന് മുന്നിലെത്തി. ഇരുപകുതികളിലും ഗോളടിക്കാനുള്ള പഞ്ചാബിന്റെ ശ്രമം കേരളത്തിന്റെ ശക്തമായ പ്രതിരോധം തടഞ്ഞു. 84-ാം മിനിറ്റിൽ പകരക്കാരനായെത്തിയ ഇ. സജീഷ് ഒരുക്കിയ പാസിൽ റിയാസ് മത്സരത്തിലെ തന്റെ രണ്ടാം ഗോളും സ്വന്തമാക്കി.

സന്തോഷ് ട്രോഫി ഫുട്ബോളില്‍ കഴിഞ്ഞതവണ കലാശപ്പോരില്‍ കൈവിട്ട കിരീടം തിരിച്ചുപിടിക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം. ആവേശം വാനോളം ഉയര്‍ത്തിയ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോള്‍ നേട്ടത്തോടെ ബംഗാളായിരുന്നു അന്ന് കിരീടമണിഞ്ഞത്.

22 അംഗ കേരള ടീമിനെ തുടര്‍ച്ചയായ രണ്ടാം തവണയും ജി.സഞ്ജുവാണ് നയിക്കുന്നത്. എം. ഷഫീഖ് ഹസനാണ് മുഖ്യ പരിശീലകന്. എബിന് റോസാണ് സഹപരിശീലകന്‍. 2022ൽ ആണ് ഒടുവിൽ കേരളം ചാംപ്യന്മാരായത്. ഇതുവരെ 7 തവണ ചാംപ്യന്മാരും 9 തവണ റണ്ണറപ്പുമായിട്ടുണ്ട്.
