ഹരാരെ: സിംബാബ്വെയിലെ ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടക്കുന്ന അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ഓപ്പണർ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് പ്രകടനം. വെറും 14 വയസ് മാത്രം പ്രായമുള്ള ഇന്ത്യന്‍ ഇടങ്കയ്യൻ ബാറ്റർ 80 പന്തിൽ നിന്ന് 175 റൺസാണ് അടിച്ചുകൂട്ടിയത്. 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സ് എന്ന പടുകൂറ്റന്‍ സ്കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. ലോകകപ്പ് ഫൈനലിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ഇന്ത്യ നേടിയത്.

15 സിക്സറുകളും 15 ഫോറുകളും അടങ്ങുന്നതായിരുന്നു വൈഭവിന്റെ വിസ്മയ ഇന്നിംഗ്സ്. അണ്ടർ-19 ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് ഇതോടെ വൈഭവ് സ്വന്തമാക്കി. 2012-ൽ ഓസ്ട്രേലിയക്കെതിരെ ഉന്മുക്ത് ചന്ദ് നേടിയ 112 റൺസിന്റെ റെക്കോർഡാണ് ഇന്നു തിരുത്തപ്പെട്ടത്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ സഹ ഓപ്പണർ ആരോൺ ജോർജിനെ നഷ്ടമായെങ്കിലും വൈഭവ് സൂര്യവംശി ഇംഗ്ലണ്ട് ബൗളർമാരെ നിലംപരിശാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വെറും 53 പന്തിൽ നിന്നാണ് താരം തന്റെ സെഞ്ചുറി പൂർത്തിയാക്കിയത്.

അണ്ടർ-19 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ അതിവേഗ സെഞ്ചുറിയാണിത്. സെഞ്ചുറിക്ക് ശേഷവും സംഹാരരൂപം പൂണ്ട വൈഭവ് അടുത്ത 75 റൺസ് നേടിയത് വെറും 27 പന്തിലായിരുന്നു. ഒരു അണ്ടർ-19 ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (15 എണ്ണം) നേടുന്ന താരം എന്ന ബഹുമതിയും വൈഭവ് ഇന്നു സ്വന്തമാക്കി.

