മുംബൈ: ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ ആവേശോജ്ജ്വലമായ വിജയത്തിന് പിന്നാലെ, ലോകം വാഴ്ത്തുന്ന തന്റെ തകർപ്പൻ പ്രകടനത്തിനിടയിലും വിനയം കൈവിടാതെ മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിലെ ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരം തനിക്ക് ലഭിച്ചെങ്കിലും, അത് യഥാർത്ഥത്തിൽ അർഹിക്കുന്നത് പേസർ ജസ്പ്രീത് ബുംറയാണെന്ന് സഞ്ജു പറഞ്ഞു. ബുംറയെ ഒരു ‘തലമുറയിലെ അപൂർവ്വ പ്രതിഭ’ (Once in a generation talent) എന്ന് വിശേഷിപ്പിച്ചാണ് സഞ്ജു പുരസ്കാരം സഹതാരത്തിന് സമർപ്പിച്ചത്.

ബാറ്റിംഗിനെ അമിതമായി തുണയ്ക്കുന്ന വാംഖഡെ സ്റ്റേഡിയത്തിലെ പിച്ചിൽ ബൗളർമാരെല്ലാം റൺസ് വഴങ്ങാൻ മൽസരിച്ചപ്പോൾ ബുംറ മാത്രം വേറിട്ടു നിന്നു. നിശ്ചിത നാല് ഓവറിൽ 33 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ബുംറ, അവസാന ഓവറുകളിൽ ഇംഗ്ലണ്ടിനെ പിടിച്ചുനിർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. “ഈ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും ബുംറയ്ക്കാണ്. ലോകോത്തര ബൗളറായ അദ്ദേഹം ഇന്ന് കാഴ്ചവെച്ചത് അവിശ്വസനീയമായ പ്രകടനമാണ്. ഡെത്ത് ഓവറുകളിൽ ബൗളർമാർ ഇത്ര മികച്ച രീതിയിൽ പന്തെറിഞ്ഞില്ലായിരുന്നു എങ്കിൽ, മാൻ ഓഫ് ദി മാച്ച് പുരസ്കാരവുമായി ഞാൻ ഇവിടെ നിൽക്കില്ലായിരുന്നു,” സഞ്ജു പറഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി 42 പന്തിൽ 89 റൺസെടുത്ത സഞ്ജു സാംസണാണ് കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. ഇന്ത്യ ഉയർത്തിയ 253/7 എന്ന സ്കോറിൽ സഞ്ജുവിന്റെ ഇന്നിംഗ്സ് നിർണ്ണായകമായിരുന്നു. കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിന് ശേഷം സഞ്ജു നേടുന്ന തുടർച്ചയായ രണ്ടാമത്തെ അർധ സെഞ്ച്വറിയാണിത്.

“ഇവിടെ കളിക്കുക എന്നത് ഒരു പ്രത്യേക അനുഭവമാണ്. കഴിഞ്ഞ മത്സരത്തിലെ ഫോം ഈ കളിയിലും തുടരണമെന്ന് എനിക്കുണ്ടായിരുന്നു. വാംഖഡെയിൽ ഒരു സ്കോറും സുരക്ഷിതമല്ലെന്ന് അറിയാമായിരുന്നു, അതിനാൽ തന്നെ ടീമിനായി പരമാവധി റൺസ് കണ്ടെത്താനാണ് ഞാൻ ശ്രമിച്ചത്. ഇന്നിങ്സ് പടുത്തുയർത്താൻ കുറച്ചു സമയം അധികം എടുത്തു. എൻ്റെ കണക്കുകൂട്ടലുകൾ ശരിയായി വന്നു,” സഞ്ജു ബാറ്റിംഗിനെക്കുറിച്ച് വിവരിച്ചു.

