ദുബായ്∙ അടുത്ത വർഷത്തെ ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് ‘ഹൈബ്രിഡ് മോഡലിൽ’ തന്നെ നടത്താൻ ഐസിസി യോഗത്തിൽ ധാരണയായതായി സൂചന. ഇന്ത്യയുടെ മത്സരങ്ങളെല്ലാം യുഎഇയിലായിരിക്കും കളിക്കുക. 2027വരെയുള്ള ഐസിസി ടൂര്‍ണമെന്റുകളിൽ ‘ഹൈബ്രിഡ് മോഡൽ’ പിന്തുടരാനും തത്വത്തിൽ അംഗീകാരമായെന്നാണു വിവരം. ഇതു പ്രകാരം ഇന്ത്യയിൽ നടക്കുന്ന ടൂർണമെന്റുകളിൽ പാക്കിസ്ഥാന്റെ മത്സരങ്ങൾ മറ്റേതെങ്കിലും വേദിയിലായിരിക്കും കളിക്കുക.
ഐസിസിയുടെ പുതിയ അധ്യക്ഷനായി ചുമതലയേറ്റ ജയ് ഷായും ബോർഡ് ഡയറക്ടർമാരും നടത്തിയ അനൗദ്യോഗിക ചർച്ചയിലാണ് അന്തിമ തീരുമാനത്തിലെത്തിയത്. അടുത്ത വര്‍ഷം ഫെബ്രുവരി– മാർച്ച് മാസങ്ങളിലാണ് ചാംപ്യൻസ് ട്രോഫി നടക്കേണ്ടത്. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലായിരിക്കും നടക്കുക. 2025 വനിതാ ഏകദിന ലോകകപ്പ്, 2026 ട്വന്റി20 ലോകകപ്പ് ടൂർണമെന്റുകൾ ഇന്ത്യയിൽ നടക്കുമ്പോൾ പാക്കിസ്ഥാന്റെ കളികൾ ശ്രീലങ്കയിലേക്കു മാറ്റേണ്ടിവരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
‘ഹൈബ്രിഡ്’ മോഡൽ അംഗീകരിക്കണമെങ്കിൽ, 2031 വരെ ഇന്ത്യയിൽ നടക്കേണ്ട എല്ലാ ടൂർണമെന്റുകളിലും പാക്കിസ്ഥാനും ഇതേ രീതി വേണമെന്നായിരുന്നു പിസിബിയുടെ പ്രധാന ആവശ്യം. എന്നാൽ 2027 വരെ ‘ഹൈബ്രിഡ്’ രീതി പിന്തുടരാമെന്നാണ് അന്തിമ തീരുമാനം. ഇന്ത്യ പാക്കിസ്ഥാനിൽ കളിക്കാത്തതുകൊണ്ട് നഷ്ടപരിഹാരം വേണമെന്ന പിസിബിയുടെ ആവശ്യവും പരിഗണനയിലുണ്ട്.