ഹരാരെ: അണ്ടർ 19 ലോകകപ്പ് ചരിത്രത്തിൽ വീണ്ടും ഇന്ത്യയുടെ ആധിപത്യം. ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ആറാം ലോകകിരീടം ഉയർത്തി. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 411 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. അണ്ടർ 19 ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോറാണിത്.

ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത് വൈഭവ് സൂര്യവംശിയുടെ വെടിക്കെറ്റ് ബാറ്റിങ് പ്രകടനമായിരുന്നു. വെറും 80 പന്തിൽ നിന്ന് 175 റൺസ് അടിച്ചുകൂട്ടിയ സൂര്യവംശി ക്രിക്കറ്റ് ലോകത്തെ വീണ്ടും വിസ്മയിപ്പിച്ചു. 15 ഫോറുകളും 15 സിക്സറുകളും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്. വെറും 55 പന്തിൽ നിന്നാണ് താരം സെഞ്ചുറി പൂർത്തിയാക്കിയത്.
412 റൺസെന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസിന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിനായി കാലേബ് ഫാൽക്കണർ (115) പൊരുതിയെങ്കിലും ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ മറ്റാർക്കും പിടിച്ചുനിൽക്കാനായില്ല. ഇന്ത്യക്കായി ആർ.എസ്. അംബരീഷ് 56 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. കനിഷ്ക് ചൗഹാൻ രണ്ട് വിക്കറ്റും ക്യാപ്റ്റൻ ആയുഷ് മ്ഹാത്രെ, ദീപേശ് ദേവേന്ദ്രൻ എന്നിവർ നിർണ്ണായക വിക്കറ്റുകളും നേടി.

പത്താം തവണ ഫൈനലിൽ കളിക്കാനിറങ്ങിയ ഇന്ത്യയുടെ ആറാം കിരീടനേട്ടമാണിത്. 2000, 2008, 2012, 2018, 2022 വർഷങ്ങളിലായിരുന്നു ഇന്ത്യ ഇതിനുമുമ്പ് കിരീടം നേടിയത്. ആറാം വിജയത്തോടെ കൗമാര ക്രിക്കറ്റിലെ തങ്ങളുടെ ആധിപത്യം ഇന്ത്യ ഒരിക്കൽ കൂടി അരക്കിട്ടുറപ്പിച്ചു.

