ജയ്പുർ∙ ഐപിഎലിൽ 12 വർഷത്തിനിടെ പല ക്യാപ്റ്റൻമാർക്കു കീഴിലും കളിച്ചിട്ടുണ്ടെങ്കിലും, താൻ ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും മികച്ച ക്യാപ്റ്റൻ സഞ്ജു സാംസണാണെന്ന് വെളിപ്പെടുത്തി വെറ്ററൻ താരം സന്ദീപ് ശർമ. മത്സരത്തിനിടെ എത്ര സമ്മർദ്ദം അനുഭവിക്കേണ്ടി വന്നാലും, അതിന്റെ ഒരംശം പോലും സഹതാരങ്ങളിലേക്ക് എത്താതെ നോക്കാൻ സഞ്ജുവിന് പ്രത്യേക മികവുണ്ടെന്ന് സന്ദീപ് ശർമ വെളിപ്പെടുത്തി. കഴിഞ്ഞ സീസണിൽ താരലേലത്തിൽ ആരും വാങ്ങാതിരുന്ന സന്ദീപിനെ, സഞ്ജു ഇടപെട്ട് രാജസ്ഥാൻ റോയൽസിൽ എത്തിച്ചിരുന്നു. ഈ സീസണിൽ അൺക്യാപ്ഡ് താരങ്ങളുടെ ഗണത്തിൽപ്പെടുത്തി 4 കോടി രൂപയ്ക്ക് സന്ദീപിനെ രാജസ്ഥാൻ നിലനിർത്തുകയും ചെയ്തു.

‘‘വളരെ മികച്ച ക്യാപ്റ്റനാണ് സഞ്ജു സാംസൺ. കഴിഞ്ഞ 12 വർഷമായി ഐപിഎലിൽ കളിക്കുന്നയാളാണ് ഞാൻ. സഞ്ജുവിനേപ്പോലെ ഒരു ക്യാപ്റ്റനെ ഇതുവരെ കണ്ടിട്ടില്ല. ഇതിനകം ഞാൻ പല ക്യാപ്റ്റൻമാർക്കു കീഴിൽ കളിച്ചിട്ടുണ്ടെങ്കിലും സഞ്ജു തന്നെയാണ് അവരിൽ ഏറ്റവും മികച്ചയാൾ.
മത്സരത്തിനിടെ കടുത്ത സമ്മർദ്ദത്തിലായാലും ആ സമ്മർദ്ദം ബാറ്റർമാരെയും ബോളർമാരെയും അറിയിക്കാതെ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നുവെന്നതാണ് സഞ്ജുവിന്റെ ഏറ്റവും വലിയ ഗുണം. മിക്ക ക്യാപ്റ്റൻമാരും സമ്മർദ്ദത്തിലായാൽ അത് സഹതാരങ്ങളെയും ബാധിക്കും. സഞ്ജുവിന്റെ കാര്യത്തിൽ ഒരിക്കലും അങ്ങനെ സംഭവിക്കില്ല. സഹതാരങ്ങളെ കൈകാര്യം ചെയ്യുന്ന കാര്യത്തിലും സഞ്ജുവിന്റെ മികവ് പ്രശംസനീയമാണ്. അത് ജൂനിയേഴ്സായാലും സീനിയേഴ്സായാലും അങ്ങനെ തന്നെ. എല്ലാവരുടെയടുത്തും സഞ്ജു കൂളാണ്.

‘‘2023ലെ ഐപിഎൽ താരലേലത്തിൽ എന്നെ ആരും വാങ്ങിയിരുന്നില്ല. ഇതിനിടെ എനിക്ക് സഞ്ജുവിന്റെ ഫോൺ വന്നു. ഈ സീസണിൽ രാജസ്ഥാൻ റോയൽസിലെ ചില ബോളർമാർ പരുക്കിന്റെ പിടിയിലാണെന്നും ടീമിനായി കളിക്കാൻ അവസരമുണ്ടാകുമെന്നും അറിയിച്ചു. അവസരം ലഭിച്ചാൽ ഞാൻ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഉറപ്പുണ്ടെന്നുകൂടി സഞ്ജു പറഞ്ഞതോടെ എന്റെ ആത്മവിശ്വാസം കൂടി.

‘‘സഞ്ജു എന്നിൽ ഞാൻ അർഹിക്കുന്നതിലേറെ വിശ്വാസം അർപ്പിച്ചുവെന്നതാണ് വാസ്തവം. ഞാൻ പരിശീലനം തുടരണമെന്നും ആവശ്യപ്പെട്ടത് അദ്ദേഹമാണ്. സഞ്ജുവുമായുള്ള ആ സംഭാഷണം എന്നെ സംബന്ധിച്ച് വളരെ ഉപകാരപ്രദമായി. അധികം വൈകാതെ എനിക്ക് രാജസ്ഥാൻ റോയൽസിലേക്ക് വിളിവന്നു. പ്രസിദ്ധ് കൃഷ്ണ പരുക്കേറ്റ് പുറത്തായതോടെയായിരുന്നു ഇത്. അങ്ങനെയാണ് രാജസ്ഥാൻ റോയൽസിനൊപ്പമുള്ള എന്റെ യാത്ര ആരംഭിക്കുന്നത്.’ – സന്ദീപ് ശർമ പറഞ്ഞു.
