റാഞ്ചി ∙ വിജയത്തിന്റെ ബാറ്റൺ കൈവിടാതെ കുതിച്ചോടിയ റിലേ ടീമുകളുടെ കരുത്തിൽ ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിൽ കേരളം ഓവറോൾ ചാംപ്യൻമാർ. അവസാനദിനത്തിൽ റിലേ മത്സരങ്ങളിലൂടെ മാത്രം നേടിയ 2 സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് കേരളത്തെ സീനിയർ സ്കൂൾ മീറ്റിലെ കിരീടം നിലനിർത്താൻ സഹായിച്ചത്. കേരളം 138 പോയിന്റ് നേടിയപ്പോൾ 123 പോയിന്റുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും 104 പോയിന്റുമായി തമിഴ്നാട് മൂന്നാം സ്ഥാനത്തുമാണ്.
6 വീതം സ്വർണവും വെള്ളിയും 4 വെങ്കലവുമാണ് മീറ്റിൽ കേരളത്തിന്റെ ആകെ മെഡൽനേട്ടം. കഴിഞ്ഞവർഷം മഹാരാഷ്ട്രയിൽ നടന്ന മീറ്റിലും കേരളമായിരുന്നു ജേതാക്കൾ. ദേശീയ സബ് ജൂനിയർ സ്കൂൾ മീറ്റ് ഇതേ വേദിയിൽ നാളെ ആരംഭിക്കും. 4–100 റിലേയിൽ(പെൺ) വെള്ളി നേടിയ കേരള ടീം. (ഇടത്തുനിന്ന്) അൽഫോൻസ ടെറിൻ, എച്ച്.അമാനിക, രഹ്ന രഘു, ആദിത്യ അജി.
അവസാനദിനം വ്യക്തിഗത ഇനങ്ങളിൽ മെഡലില്ലാതെ വലഞ്ഞ കേരള താരങ്ങൾ റിലേ മത്സരങ്ങളിൽ പ്രതീക്ഷ കാത്തു. 4–400 റിലേയിൽ ആൺകുട്ടികളിലും പെൺകുട്ടികളിലും കേരളം സ്വർണം നേടി. മുഹമ്മദ് അഷ്ഫാഖ്, ഷാമിൽ ഹുസൈൻ, ജസീം റസാഖ്, സി.വിജയ് എന്നിവർ ആൺകുട്ടികളുടെ ടീമിലും ജെ.എസ്.നിവേദ്യ, ജോബിന ജോബി, എം.ജ്യോതിക, അൽന സത്യൻ എന്നിവർ പെൺകുട്ടികളുടെ ടീമിലും മത്സരിച്ചു.
4–100 റിലേയിൽ(ആൺ) വെങ്കലം നേടിയ കേരള ടീം. (ഇടത്തുനിന്ന്) മുഹമ്മദ് ഷാമിൽ, അബ്ദുല്ല ഷൗനീസ്, കെ.എം.സൈനുലബ്ദീൻ, വി.യദുകൃഷ്ണ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
പെൺകുട്ടികളുടെ 4–100 റിലേയിൽ അൽഫോൻസ ടെറിൻ, എച്ച്.അമാനിക, രഹ്ന രഘു, ആദിത്യ അജി എന്നിവർ കേരളത്തിനായി വെള്ളി നേടിയപ്പോൾ വെങ്കലം നേടിയ ആൺകുട്ടികളുടെ ടീമിൽ മുഹമ്മദ് ഷാമിൽ, അബ്ദുല്ല ഷൗനീസ്, കെ.എം.സൈനുലബ്ദീൻ, വി.യദുകൃഷ്ണ എന്നിവർ അംഗങ്ങളായിരുന്നു.
35 വീതം ആൺകുട്ടികളും പെൺകുട്ടികളുമാണ് മീറ്റിൽ കേരളത്തിനായി മത്സരിച്ചത്. കെ.എസ്.അജിമോൻ, കെ.നന്ദഗോപാൽ, എം.അരവിന്ദാക്ഷൻ, കെ.സുരേന്ദ്രൻ, നദീഷ് ചാക്കോ, പി.ജി.മനോജ്, അമീർ സുഹൈൽ, അമല മാത്യു എന്നിവർ പരിശീലകരായും പി.പി.മുഹമ്മദാലി, എൻ.പി.ബിനീഷ്, ലജിത് ഗംഗൻ, വി.ജെ.ജയമോൾ എന്നിവർ ടീം മാനേജർമാരായും കേരള സംഘത്തിലുണ്ടായിരുന്നു. കേരള ടീം ഇന്നു രാവിലെ ധൻബാദ് എക്സ്പ്രസിൽ നാട്ടിലേക്കു തിരിക്കും.4–400 റിലേയിൽ(ആൺ) സ്വർണം നേടിയ കേരള ടീം. (ഇടത്തുനിന്ന്) മുഹമ്മദ് അഷ്ഫാഖ്, ഷാമിൽ ഹുസൈൻ, ജസീം റസാഖ്, സി.വിജയ്