ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യക്ക് പടുകൂറ്റൻ ജയം. 101 റൺസിനാണ് പ്രോട്ടീസിനെ തകർത്തത്. ഇന്ത്യയുടെ 175 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക വെറും 74 റൺസിന് ഓൾഔട്ടായി. ഹാർദിക് പണ്ഡ്യയുടെ മസിൽ പവറിന് പിന്നാലെ ബൗളർമാരും കണ്ടെറിഞ്ഞപ്പോൾ പ്രോട്ടീസ് തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്.

സഞ്ജു സാംസണ് പകരം ഗൗതം ഗംഭീർ കൊണ്ടുവന്ന രാജകുമാർ ശുഭ്മാൻ വീണ്ടും പരാജയമാവുന്നത് കണ്ടായിരുന്നു ഇന്ത്യൻ ബാറ്റിങ്ങിന്റെ തുടക്കം. വൈകാതെ ക്യാപ്റ്റൻ സൂര്യ കുമാറും കൂടാരം കയറി.
26 റൺസെടുത്ത തിലക് വർമയും 23 റൺസുമായി അക്സറും പൊരുതിയെങ്കിലും വൈകാതെ വീണു. പിന്നാലെ വന്ന ഹാർദിക് പണ്ഡ്യയുടെ വൻപനടികളാണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്. 28 പന്തിൽ ആറ് ഫോറും 4 സിക്സും ഉൾപ്പടെ ഹാർദിക് പുറത്താകെ നേടിയത് 59 റൺസ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തകർച്ച രണ്ടാം പന്തിൽ തുടങ്ങി. ആറ് പേർക്ക് രണ്ടക്കം കടക്കാൻ പറ്റാതിരുന്ന ഇന്നിങ്സിൽ ടോപ് സ്കോറർ ആയത് 22 റൺസെടുത്ത ഡെവാൾഡ് ബ്രെവിസ്. ഇന്ത്യക്കായി അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഓൾറൗണ്ട് പ്രകടനത്തോടെ ഇന്ത്യയുടെ ജയം ഉറപ്പിച്ച ഹാർദിക് പണ്ഡ്യയാണ് കളിയിലെ താരം.

