കലിംഗയിലെ ട്രാക്കിൽ കേരളത്തിന് ഇന്നലെ പ്രതീക്ഷയുടെ റെക്കോർഡ് കിരണം. അണ്ടർ 18 ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ പാലക്കാട് കൂട്ടുപാത സ്വദേശി കെ.കിരൺ സ്വർണം നേടി. കഴിഞ്ഞ ജൂണിൽ ബിലാസ്പുരിൽ നടന്ന അണ്ടർ 18 ദേശീയ യൂത്ത് അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ കിരൺ തന്നെ കുറിച്ച 13.52 എന്ന ദേശീയ റെക്കോർഡ് ഇന്നലെ രാവിലെ നടന്ന സെമി ഫൈനലിൽ 13.47 സെക്കൻഡായി തിരുത്തി. ഫൈനലിൽ 13.64 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. എ.കുഞ്ചൻ–കെ.ചന്ദ്രിക ദമ്പതികളുടെ മകനാണ്. പാലക്കാട് ഗവ.വിക്ടോറിയ കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിയാണ് കിരൺ.
മൂന്നാം ദിവസമായ ഇന്നലെ ഒരു വെള്ളിയും 3 വെങ്കലവുംകൂടി കേരളം നേടി. അണ്ടർ 20 ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ മലപ്പുറം മൂന്നിയൂർ സ്വദേശി വി.പി.റാഹിൽ സക്കീർ (14.04 സെക്കൻഡ്) വെള്ളി നേടി. കാലിക്കറ്റ് സർവകലാശാല സ്പോർട്സ് ഡയറക്ടർ ഡോ. വി.പി.സക്കീർ ഹുസൈന്റെയും എം.തസ്ലീനയുടെയും മകനാണ്. അണ്ടർ 16 ആൺകുട്ടികളുടെ ഹൈജംപിൽ ഇടുക്കി മുണ്ടക്കയം ഈസ്റ്റ് സ്വദേശി കെ.എസ്.കേദാർനാഥ് വെങ്കലം (1.73 മീറ്റർ) നേടി. വണ്ടൻപതാൽ കെ.വി.സനീഷ്–ബിനോഭ മോൾ ദമ്പതികളുടെ മകനാണ്. അണ്ടർ 20 ആൺ 400 മീറ്ററിൽ കണ്ണൂർ ആലക്കോട് സ്വദേശി അർജുൻ പ്രദീപും വെങ്കലം (47.61 സെക്കൻഡ്) നേടി. തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിലാണ് പരിശീലനം. പെയിന്റിങ് തൊഴിലാളിയായ പ്രദീപ്–ശ്രീജ ദമ്പതികളുടെ മകനാണ്. ഇതേയിനത്തിൽ ഡൽഹിയുടെ ജയ് കുമാർ മീറ്റ് റെക്കോർഡോടെ (46.29 സെക്കൻഡ്) സ്വർണം നേടി. കേരളത്തിന്റെ അമോജ് ജേക്കബിന്റെ 46.59 എന്ന റെക്കോർഡാണ് ജയ് കുമാർ മറികടന്നത്.
അണ്ടർ 20 പെൺകുട്ടികളുടെ 4–100 മീറ്റർ റിലേയിൽ കേരളം വെങ്കലം നേടി. എച്ച്.അമാനിക, എൻ.ശ്രീന, ഇ.എസ്.ശിവപ്രിയ, എസ്.മേഘ എന്നിവരടങ്ങിയ ടീമാണ് മെഡൽ നേടിയത്. ഇതേയിനത്തിൽ ആൺകുട്ടികളുടെ ടീം അഞ്ചാമതായി. അണ്ടർ 20 പെൺകുട്ടികളുടെ 400 മീറ്ററിൽനിന്ന് കേരള ക്യാപ്റ്റൻ സാന്ദ്ര മോൾ സാബു പരുക്കുമൂലം പിന്മാറി. മിക്കയിനങ്ങളിലും കേരള താരങ്ങളെ പരുക്ക് വലച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
∙ അണ്ടർ 18 പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ കർണാടകയ്ക്കു വേണ്ടി, ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ മലയാളി ഇഷ എലിസബത്ത് രഞ്ജിത്ത് വെങ്കലം നേടി. തിരുവനന്തപുരം സ്വദേശികളായ രഞ്ജിത്ത് പിള്ള–ജിജി എലിസബത്ത് തോമസ് ദമ്പതികളുടെ മകളാണ്.
∙ കഴിഞ്ഞദിവസം നടന്ന അണ്ടർ 20 പെൺകുട്ടികളുടെ ലോങ്ജംപിൽ ലക്ഷദ്വീപിനു വെള്ളി. മിനിക്കോയ് ദ്വീപിലെ മുബസിന മുഹമ്മദാണ് മെഡൽ നേടിയത്. തിരുവനന്തപുരം സായ് സെന്ററിലാണ് പരിശീലനം. മുഹമ്മദ്–ദുബീന ബാനു ദമ്പതികളുടെ മകളാണ്.