വഡോദര: 93 റൺസുമായി വിരാട് കോഹ്ലി ഇന്ത്യയുടെ ചെയ്സിങ്ങിന് ജീവൻ നൽകിയപ്പോൾ ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ. പരമ്പരയിലെ ആദ്യ മത്സരത്തിൽ 301 റൺസ് ആണ് ന്യൂസിലൻഡ് ഇന്ത്യക്ക് മുൻപിൽ വെച്ചത്. ഒരു ഓവർ ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയ ലക്ഷ്യം മറികടന്ന് പരമ്പരയിൽ 1-0ന് മുൻപിലെത്തി.

കരുതലോടെയാണ് ഇന്ത്യയുടെ ഓപ്പണർമാർ ചെയ്സിങ് ആരംഭിച്ചത്. എന്നാൽ പവർപ്ലേയിൽ ഇന്ത്യക്ക് രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. ആക്രമിച്ച് കളിക്കാനുള്ള ശ്രമത്തിന് ഇടയിൽ രോഹിത്തിന് ടൈമിങ്ങ് പിഴച്ചപ്പോൾ മിഡ് ഓഫിൽ ബ്രേസ്വെല്ലിന്റെ കൈകളിൽ ഒതുങ്ങി. 29 പന്തിൽ നിന്ന് 26 റൺസ് ആണ് രോഹിത് നേടിയത്. ഓപ്പണിങ്ങിൽ ഇരുവരും കൂട്ടിച്ചേർത്തത് ഒൻപത് ഓവറിൽ 39 റൺസ്.
പിന്നാലെ കോഹ്ലിയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും വിക്കറ്റ് നഷ്ടപ്പെടുത്താതെ സ്കോർ ബോർഡ് ചലിപ്പിച്ചു. 71 പന്തിൽ നിന്ന് 56 റൺസുമായി ഗിൽ മടങ്ങുമ്പോൾ ഇന്ത്യയുടെ സ്കോർ 27 ഓവറിൽ 157 റൺസ്. പിന്നാലെ കോഹ്ലിക്ക് കൂട്ടായി ശ്രേയസ് അയ്യർ എത്തി. മറ്റൊരു ഏകദിന സെഞ്ചുറിയിലേക്ക് കൂടി കോഹ്ലി എത്തുകയാണെന്ന് തോന്നിച്ചു.

എന്നാൽ 40ാം ഓവറിലെ ആദ്യ പന്തിൽ ജാമിസൺ കോഹ്ലിയെ മടക്കി. 91 പന്തിൽ നിന്ന് എട്ട് ഫോറും ഒരു സിക്സും സഹിതം 93 റൺസ് ആണ് കോഹ്ലി നേടിയത്. കോഹ്ലിയാണ് പ്ലേയർ ഓഫ് ദ് മാച്ച്. കോഹ്ലി പുറത്തായ അതേ ഓവറിലെ അവസാന പന്തിൽ രവീന്ദ്ര ജഡേജയേയും ജാമിസൺ വീഴ്ത്തി. തൊട്ടുപിന്നാലെ ശ്രേയസ് അയ്യരേയും നഷ്ടമായതോടെ ഇന്ത്യ സമ്മർദത്തിലായി.

47 പന്തിൽ നിന്ന് 49 റൺസ് ആണ് ശ്രേയസ് കണ്ടെത്തിയത്. എന്നാൽ ഒരു വശത്ത് രാഹുൽ ഉറച്ച് നിന്നതോടെ ഇന്ത്യക്ക് മറ്റ് അപകടങ്ങളിലേക്ക് വീഴാതെ വിജയ ലക്ഷ്യം മറികടക്കാനായി. 21 പന്തിൽ നിന്ന് രണ്ട് ഫോറും ഒരു സിക്സും സഹിതമാണ് രാഹുൽ 29 റൺസോടെ പുറത്താവാതെ നിന്നത്. ഹർഷിത് റാണ 23 പന്തിൽ രണ്ട് ഫോറും ഒരി സിക്സും പറത്തി നിർണായകമായ 29 റൺസ് സ്കോർ ചെയ്താണ് മടങ്ങിയത്.
