
ഹൈദരാബാദ്∙ ഐഎസ്എൽ 11–ാം സീസണിലെ പ്ലേ ഓഫ് മോഹങ്ങൾ നേരത്തെ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് അവസാന മത്സരത്തിനായി ഹൈദരാബാദിൽ ഇറങ്ങുമ്പോൾ ലക്ഷ്യം ഒന്നുമാത്രം; തലയുയർത്തി മടങ്ങുക.

സീസണിൽ 23 മത്സരങ്ങളിൽ നിന്ന് 8 ജയവും 11 തോൽവിയുമടക്കം ആകെ 28 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ നേട്ടം. 30 തവണ ലക്ഷ്യം കണ്ട ടീം സീസണിൽ ആകെ വഴങ്ങിയത് 36 ഗോൾ. ഇന്ന് ഹൈദരാബാദ് എഫ്സിയെ തോൽപിച്ചാൽ പോയിന്റ് ടേബിളിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി 8–ാം സ്ഥാനത്ത് സീസൺ അവസാനിപ്പിക്കാം.
അവസാന മത്സരത്തിലെ ജയം അടുത്ത സീസൺ നന്നായിത്തുടങ്ങാൻ സഹായിക്കുമെന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ. കരുത്തരായ മുംബൈ സിറ്റിയെ 1–0ന് തോൽപിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നതെങ്കിൽ പഞ്ചാബിനോട് 3–1 തോൽവി വഴങ്ങിയ ശേഷമാണ് ഹൈദരാബാദിന്റെ വരവ്. മത്സരം രാത്രി 7.30 മുതൽ ജിഎംസി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തിൽ. സ്റ്റാർ സ്പോർട്സ് 3 ചാനലിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
വീണും വീഴ്ത്തിയും

പ്ലേഓഫ് ഉറപ്പിക്കാൻ അവസാന 5 മത്സരങ്ങളിലും ജയം അനിവാര്യമായിരുന്ന ഘട്ടത്തിൽ രണ്ടു വീതം ജയവും തോൽവിയും ഒരു സമനിലയുമാണ് ടി.ജി.പുരുഷോത്തമനും സംഘത്തിനും നേടാനായത്. നിർണായക മത്സരങ്ങളിൽ നിറം മങ്ങിയതോടെ ടീം പ്ലേഓഫ് കാണാതെ പുറത്തായി. പ്രധാന താരങ്ങളുടെ പരുക്കാണ് ടീമിനെ അലട്ടിയതെന്നു പറയുമ്പോഴും താരതമ്യേന ദുർബലരായ ടീമുകളോട് നേരിട്ട തോൽവിയും ഹോം മത്സരങ്ങളിലെ ദയനീയ പ്രകടനങ്ങളും സീസണിൽ മഞ്ഞപ്പടയ്ക്കു തിരിച്ചടിയായി. മറുവശത്ത് സീസണിന്റെ തുടക്കം മുതൽ ദയനീയ ഫോമിൽ കളിച്ച ഹൈദരാബാദിന് ആകെ നേടാനായത് 4 ജയം മാത്രം. 14 തോൽവികൾ വഴങ്ങിയ ഹൈദരാബാദിനു പിന്നിലുള്ളത് 15 തോൽവി വഴങ്ങിയ മുഹമ്മദൻസ് മാത്രം.