ന്യൂഡല്‍ഹി: നമീബിയക്കെതിരായ ടി20 ലോകകപ്പ് പോരാട്ടം ജയിച്ചു കയറി ഇന്ത്യ. 210 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നമീബിയയെ 18.2 ഓവറില്‍ 116 റണ്‍സില്‍ ഓള് ഔട്ടാക്കി ഇന്ത്യ 93 റണ്‍സ് ജയം പിടിച്ചെടുത്തു. ജയത്തോടെ ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി. നെറ്റ് റണ്‍ റേറ്റ് 3.050. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് കണ്ടെത്തിയത്.


ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത നമീബിയ തുടക്കത്തില്‍ ഇന്ത്യയെ ഒന്നു ഞെട്ടിച്ചെങ്കിലും പിന്നീട് കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായി. മധ്യനിരയും വാലറ്റവും പൊരുതാന്‍ പോലും മിനക്കെടാതെ കീഴടങ്ങി.
20 പന്തില്‍ 29 റണ്‍സടിച്ച ഓപ്പണര്‍ ലോറന് സ്റ്റീന്‍കാംപാണ് അവരുടെ ടോപ് സ്കോറര്‍. താരം കത്തിക്കയറുന്നതിനിടെ പന്തെടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.




ഇന്ത്യക്കായി പന്തടെുത്ത എല്ലാവരും വിക്കറ്റ് വീഴ്ത്തി. വരുണ്‍ 3 വിക്കറ്റെടുത്തപ്പോള്‍ ഹര്‍ദിക്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഹര്‍ദിക് അര്‍ധ സെഞ്ച്വറിക്കൊപ്പം ബൗളിങിലും തിളങ്ങി. 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് ഹര്‍ദിക് 2 വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

