പാരിസ് ∙ ഈ മാസം ആരംഭിക്കുന്ന ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾക്ക് മത്സരക്കടുപ്പം. വനിതാ സിംഗിൾസിൽ ഇന്ത്യയുടെ ഏക പ്രതിനിധിയായ മുൻ ലോക ചാംപ്യൻ പി.വി.സിന്ധുവിന് രണ്ടാം റൗണ്ട് മുതൽ റാങ്കിങ്ങിൽ മുന്നിലുള്ളവർ എതിരാളിയായി വന്നേക്കും. ലോക റാങ്കിങ്ങിൽ നിലവിൽ 15–ാം സ്ഥാനത്തുള്ള സിന്ധുവിന് സമീപകാലത്തെ മോശം ഫോമും വെല്ലുവിളിയാണ്.

സീസണിൽ ഒരു ടൂർണമെന്റിലും ക്വാർട്ടറിന് അപ്പുറത്തേക്ക് മുന്നേറാൻ ഇന്ത്യൻ താരത്തിനായിട്ടില്ല. 25ന് പാരിസിലാണ് ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിനു തുടക്കം. പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും മലയാളി താരം എച്ച്.എസ്.പ്രണോയിയും ഇന്ത്യയ്ക്കായി കളത്തിലിറങ്ങും.
ലോക ഒന്നാം നമ്പർ ചൈനയുടെ ഷി യുഖിയാണ് ചാംപ്യൻഷിപ്പിന്റെ ആദ്യ റൗണ്ടിൽ 21–ാം റാങ്കുകാരൻ ലക്ഷ്യയുടെ എതിരാളി. റാങ്കിങ്ങിൽ 34–ാം സ്ഥാനത്തുള്ള പ്രണോയിയുടെ ആദ്യ മത്സരം റാങ്കിങ്ങിൽ പിന്നിലുള്ള ഫിൻലൻഡ് താരത്തിനെതിരെയാണ്.

എന്നാൽ ഈ മത്സരം ജയിച്ചാൽ അടുത്ത റൗണ്ടിൽ ലോക രണ്ടാം നമ്പർ ഡെൻമാർക്കിന്റെ ആൻഡേഴ്സ് ആന്റെൻസനെതിരെയാകും പ്രണോയിയുടെ മത്സരം.

