ലിവർപൂൾ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ കിരീടം നിലനിർത്താനുള്ള ലിവർപൂളിന്റെ പടയോട്ടത്തിന് വിജയത്തോടെ കൊടിയേറി. സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബോൺമത്തിനെ 4–2നാണ് നിലവിലെ ചാംപ്യൻമാരായ ലിവർപൂൾ വീഴ്ത്തിയത്. സ്വന്തം തട്ടകമായ ആൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഹ്യൂഗോ എകിടികെ (37–ാം മിനിറ്റ്), കോഡി ഗാക്പോ (49), ഫെഡറികോ കിയേസ (88), മുഹമ്മദ് സലാ (90+4) എന്നിവരാണ് ചാംപ്യൻ ടീമിനായി ലക്ഷ്യം കണ്ടത്. ബോൺമത്തിന്റെ രണ്ടു ഗോളുകളും ഓന്റുവാനെ സെമന്യോയുടെ (64, 76) വകയായിരുന്നു.
ഗോൾപൂൾ
മത്സരം തുടങ്ങി ആദ്യ 5 മിനിറ്റിനുള്ളിൽ 2 ഗോളവസരങ്ങളാണ് ലിവർപൂൾ സൃഷ്ടിച്ചത്. മൂന്നാം മിനിറ്റിൽ വലതുവിങ്ങിൽ, ബോക്സിനകത്തുനിന്ന് സലാ ഉയർത്തിവിട്ട കിക്ക് ബോൺമത് ഗോളി ജോർജെ പെട്രോവിച്ച് തട്ടിയകറ്റി. നിമിഷങ്ങൾക്കുള്ളിൽ വലതുവിങ്ങിലൂടെ സലായുടെ മറ്റൊരു ക്രോസ്.
ഇത്തവണ ബോക്സിന് അകത്തു കാത്തുനിന്ന വിർജിൽ വാൻദെയ്കിന് തലപ്പാകത്തിൽ പന്തു കിട്ടിയെങ്കിലും വാൻദെയ്കിന്റെ ഹെഡർ പോസ്റ്റിന് തൊട്ടുമുകളിലൂടെ പുറത്തേക്ക്. ലിവർപൂളിന്റെ തുടരാക്രമണങ്ങൾ പ്രതിരോധത്തിലാക്കിയെങ്കിലും വൈകാതെ ബോൺമത് മത്സരത്തിലേക്ക് തിരിച്ചുവന്നു. ആറാം മിനിറ്റിൽ ബോൺമത് നടത്തിയ കൗണ്ടർ അറ്റാക്ക് ഫിനിഷ് ചെയ്യുന്നതിൽ സെമന്യോ വീഴ്ച വരുത്തിയില്ലായിരുന്നെങ്കിൽ തുടക്കത്തിൽ തന്നെ സന്ദർശകർക്ക് ലീഡ് ഉറപ്പാക്കാമായിരുന്നു.
അടിയും തിരിച്ചടിയുമായി മുന്നോട്ടുപോയ മത്സരത്തിൽ 37–ാം മിനിറ്റിൽ ഫ്രഞ്ച് താരം ഹ്യൂഗോ എകിടികെയാണ് ലിവർപൂളിന്റെ അക്കൗണ്ട് തുറന്നത്. സെന്ററിൽ നിന്നു പിടിച്ചെടുത്ത പന്തുമായി ബോൺമത് ഡിഫൻഡർമാരെ വെട്ടിച്ച് ഫൈനൽ തേഡിലേക്ക് ഓടിക്കയറിയ എകിടികെ അനായാസം ലക്ഷ്യം കണ്ടു. പ്രിമിയർ ലീഗിൽ എകിടികെയുടെ ആദ്യ ഗോളാണിത്. ആദ്യ പകുതി 1–0ന് അവസാനിപ്പിച്ച ലിവർപൂളിന് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കോഡി ഗാക്പോ രണ്ടാം ഗോൾ സമ്മാനിച്ചു.
ഇതോടെ മത്സരം ആതിഥേയർ അനായാസം സ്വന്തമാക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് സെമന്യോയുടെ ഇരട്ട പ്രഹരം ആൻഫീൽഡിനെ ഞെട്ടിച്ചത്. 12 മിനിറ്റിനിടെ രണ്ടു തവണ ലിവർപൂൾ വലകുലുക്കിയ താരം ബോൺമത്തിനെ 2–2ന് ഒപ്പമെത്തിച്ചു. ഗോൾ മടക്കാനുള്ള ലിവർപൂളിന്റെ ശ്രമം ബോൺമത് പ്രതിരോധിച്ചതോടെ സീസണിലെ ആദ്യ മത്സരം സമനിലയിൽ അവസാനിക്കുമെന്നു തോന്നിച്ചെങ്കിലും പകരക്കാരനായി എത്തിയ ഇറ്റാലിയൻ താരം ഫെഡറിക്കോ കിയേസ 88–ാം മിനിറ്റിൽ ആതിഥേയരെ മുന്നിലെത്തിച്ചു. പിന്നാലെ ഇൻജറി ടൈമിൽ സൂപ്പർ താരം മുഹമ്മദ് സലാ കൂടി ലക്ഷ്യം കണ്ടതോടെ ലിവർപൂളിന് 4–2ന്റെ ആധികാരിക ജയം.
English Summary:
English Premier League: Liverpool Roars to 4-2 Victory Over Bournemouth in Premier League Opener
TAGS
Sports
Liverpool
English Premier League (EPL)
Malayalam News
Football
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
