ബ്യൂനസ് ഐറിസ്: അർജന്റീന ഫുട്ബോൾ ടീം നവംബറിൽ കേരളത്തിൽ രാജ്യാന്തര മത്സരം കളിക്കാനെത്തില്ലെന്നു റിപ്പോർട്ട്. തയാറെടുപ്പുകളുടെയും യാത്രയുടെയും കാര്യത്തിൽ സംഘാടകർ തുടർച്ചയായി കരാർ ലംഘനങ്ങൾ നടത്തുന്നതിനാലാണ് നവംബറിലെ കേരള പര്യടനം ഉപേക്ഷിക്കുന്നതെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) പ്രതിനിധികളെ ഉദ്ധരിച്ച് അർജന്റീനയിലെ മാധ്യമമായ ‘ലാ നാസിയോൺ’ റിപ്പോർട്ട് ചെയ്തു.

‘‘നവംബറിലെ ഇന്ത്യൻ പര്യടനം യാഥാർഥ്യമാക്കാൻ ഞങ്ങൾ ശ്രമിച്ചു. ഞങ്ങളുടെ പ്രതിനിധി കേരളത്തിലെത്തി. സ്റ്റേഡിയവും ഹോട്ടലും സന്ദർശിച്ചു. പക്ഷേ, ആവശ്യപ്പെട്ട ക്രമീകരണങ്ങൾ സജ്ജമാക്കാൻ അവർക്കു സാധിച്ചിട്ടില്ല. നവംബറിനു പകരം മാർച്ചിൽ പര്യടനം നടത്തുന്ന കാര്യം ആലോചനയിലുണ്ട്’’ – എഎഫ്എ പ്രതിനിധിയെ ഉദ്ധരിച്ച് ലാ നാസിയോൺ റിപ്പോർട്ടിൽ പറയുന്നു.
നവംബർ 17ന് കൊച്ചിയിൽ ഓസ്ട്രേലിയയ്ക്കെതിരെ ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീം സൗഹൃദ മത്സരം കളിക്കുമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെയും സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെയും പ്രഖ്യാപനം.

അർജന്റീന ഫുട്ബോൾ ടീം കേരള സന്ദർശനത്തിൽ നിന്നു പിൻമാറിയെന്ന തരത്തിൽ ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നു കായിക മന്ത്രി വി.അബ്ദു റഹിമാൻ. ‘ടീം കേരളത്തിൽ കളിക്കാനെത്തുമെന്നു നേരത്തേ അറിയിച്ചിരുന്നതാണ്. അതനുസരിച്ചുള്ള തയാറെടുപ്പുകൾ പുരോഗമിക്കുന്നു. മറ്റു വിവരങ്ങൾ സ്പോൺസറോട് ചോദിക്കണം’– മന്ത്രി പറഞ്ഞു.

അർജന്റീന ഫുട്ബോൾ ടീം നവംബർ 17നു കൊച്ചിയിൽ കളിക്കുമെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ.‘‘ അർജന്റീന ടീം അംഗങ്ങളുടെ വീസ നടപടിക്രമങ്ങൾ നടന്നുവരികയാണെന്നും ആന്റോ പറഞ്ഞു.
